ധന്‍ബാദ് ജഡ്ജിയുടെ കൊലപാതകം; കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു
ജൂലൈ 28നാണ് ഉത്തം ആനന്ദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണെന്ന് കണ്ടെത്തി.
ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ കൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തുന്നതിന്റെ തലേദിവസം പ്രതികള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് നിരവധിപേരെ ബന്ധപ്പെട്ടതായി സി.ബി.ഐ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷ ഉപയോഗിച്ചാണ് ഇവര്‍ അപകടമുണ്ടാക്കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ലഖാന്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാഹുല്‍ വര്‍മയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. റെയില്‍വേ കോണ്‍ട്രാക്ടറായ പുര്‍നേദു വിശ്വകര്‍മയുടെ മൂന്ന് മൊബൈല്‍ ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. സ്വന്തം സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ നിരന്തരം കോളുകള്‍ ചെയ്തതായി സി.ബി.ഐ കണ്ടെത്തി. ഇരുവരെയും ഡല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ജൂലൈ 28നാണ് ഉത്തം ആനന്ദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
ധന്‍ബാദിലെ മാഫിയാ സംഘം നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയായിരുന്നു ഉത്തം ആനന്ദ്. ബി.ജെ.പി എംഎല്‍എ പ്രതിയായ ഒരു കൊലക്കേസും അദ്ദേഹത്തിന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. ചില കേസുകളില്‍ മാഫിയാ തലവന്‍മാര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ഇതിന്റെ പകപോക്കാനാണ് കൊലനടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.