പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ
ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്. കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ.
കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നു ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.