'ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് റദ്ദാക്കണം'; സുപ്രിംകോടതിയോട് മനുഷ്യാവകാശ പ്രവർത്തകരടങ്ങുന്ന 6000 പ്രമുഖർ

കുറ്റവാളികളെ നേരത്തെ വിട്ടയച്ച നടപടി നീതിയെ തകർക്കുന്നത് ആണെന്ന് അവർ തുറന്നടിച്ചു.

Update: 2022-08-19 08:50 GMT
Advertising

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകരും ചരിത്രകാരന്മാരും ബ്യൂറോക്രാറ്റുകളുമുൾപ്പെടുള്ള പ്രമുഖരടങ്ങുന്ന 6000ലേറെ വ്യക്തികൾ. പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇവർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

കുറ്റവാളികളെ നേരത്തെ വിട്ടയച്ച നടപടി നീതിയെ തകർക്കുന്നത് ആണെന്ന് അവർ തുറന്നടിച്ചു. സാധാരണക്കാർ, തൊഴിലാളികൾ, മനുഷ്യാവകാശ പ്രവർത്തകർ, പ്രമുഖ എഴുത്തുകാർ, ചരിത്രകാരന്മാർ, പണ്ഡിതന്മാർ, സിനിമാ നിർമാതാക്കൾ, മാധ്യമപ്രവർത്തകർ, മുൻ ബ്യൂറോക്രാറ്റുകൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച 6000 പേരിൽ ഉൾപ്പെടുന്നു.

സഹേലി വുമൺസ് റിസോഴ്സ് സെന്റർ, ​ഗമന മഹിള സമൂഹ, ബെബാക് കലക്ടീവ്, ആൾ ഇന്ത്യ പ്രോ​ഗസീവ് വുമൺസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.

'നാം സ്വാതന്ത്ര്യം ആ​ഘോഷിക്കുകയും സ്വാതന്ത്ര്യദിനത്തിൽ അഭിമാനം കൊള്ളുകയും ചെയ്യേണ്ട ദിവസം ഇന്ത്യയിലെ സ്ത്രീകൾ കണ്ടത് കൂട്ടബലാത്സം​ഗ- കൂട്ടക്കൊല കേസ് പ്രതികളെ നേരത്തെ വിട്ടയച്ച ഒരു സർക്കാരിന്റെ നടപടിയാണ് എന്നത് ഞങ്ങളെ നാണിപ്പിക്കുന്നു'- സംയുക്ത പ്രസ്താവനയിൽ പറയുന്നു.

'ഈ വിട്ടയക്കൽ നടപടി അധാർമികവും മനഃസാക്ഷിക്ക് വിരുദ്ധവുമാണെന്ന് മാത്രമല്ല, കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രതികളെ വിട്ടയക്കൽ നയങ്ങളുടേയും മാർ​ഗനിർദേശങ്ങളുടേയും ന​ഗ്നമായ ലംഘനം കൂടിയാണ്'- എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം, പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കളും ഐഎഎസുകാരും രം​​ഗത്തെത്തി. വിഷയത്തിൽ ഇടപെട്ട് രാജ്യത്തോട് വിവേകം കാണിക്കണമെന്ന് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

'സ്ത്രീകളെ ബഹുമാനിക്കലാണ് നിങ്ങൾ ശരിക്കും ഉദ്ദേശിച്ചിരുന്നതെങ്കിൽ, കൂട്ടബലാത്സം​ഗക്കേസ് പ്രതികളായ 11 പേരെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിയിൽ ഇടപെടാനും ഉത്തരവ് പിൻവലിക്കാനും നിങ്ങളോട് അഭ്യർഥിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് വിരുദ്ധമായുള്ള നടപടി ഓക്കാനം ഉണ്ടാക്കുന്നു. നിങ്ങൾ രാഷ്ട്രത്തോട് വിവേകം കാണിക്കേണ്ടതുണ്ട്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

'ബിൽക്കീസ് ബാനു കേസിലെ വാർത്തകൾ വായിക്കുമ്പോൾ ഒരു സ്ത്രീയെന്ന നിലയിലും സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിലും എനിക്കാകെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭയമില്ലാതെ സ്വതന്ത്രമായി ശ്വസിക്കാനുള്ള അവളുടെ അവകാശത്തെ ഇല്ലാതാക്കാൻ നമുക്കാവില്ല. ഒപ്പം, സ്വയം ഒരു സ്വതന്ത്ര രാഷ്ട്രമെന്ന് വിളിക്കാനും നമുക്ക് കഴിയില്ല'- സ്മിത സബർവാൾ ഐഎഎസ് ട്വീറ്റ് ചെയ്തു.

പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്തയും രം​ഗത്തെത്തിയിരുന്നു. കൊലപാതകത്തിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള ഗൗരവം പരിശോധിക്കാതെയാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

എല്ലാ പീഡനക്കേസ് പ്രതികളും 14 വർഷത്തെ തടവിനു ശേഷം ഇനി മോചനത്തിന് അപേക്ഷിക്കുമെന്നാണ് തോന്നുന്നത്. ഈ കേസിൽ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ മറ്റു പീഡനക്കേസ് പ്രതികൾക്കും മോചനം ആവശ്യപ്പെടുന്നതിന് എന്താണ് തടസമെന്ന് ശോഭാ ഗുപ്ത ചോദിച്ചു. പ്രതികളെ വിട്ടയച്ച തീരുമാനം നിയമപരമായി ശരിയല്ലെന്നും കുറ്റവാളികളെ വിട്ടയക്കുന്ന 1992ലെ നയം ഇപ്പോൾ നിലവിലില്ലെന്നും അവർ പറഞ്ഞു.

ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News