ഇ.എസ്.ഐ കേസിൽ ജയപ്രദയ്ക്ക് തിരിച്ചടി; തടവുശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി, 20ലക്ഷം കെട്ടിവെച്ചാൽ ജാമ്യം

ചെന്നൈ എഗ്മോർ കോടതിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ചത്.

Update: 2023-10-20 10:05 GMT
Advertising

ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇ.എസ്.ഐ വിഹിതം അടക്കാത്ത കേസിൽ ചലച്ചിത്ര നടിയും മുൻ എം.പിയുമായ ജയപ്രദയ്ക്ക് തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്ന ജയപ്രദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചില്ല. 15 ദിവസത്തിനകം 20 ലക്ഷം കെട്ടിവെച്ചാല്‍ മാത്രം ജാമ്യം ലഭിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

ചെന്നൈ അണ്ണാശാലയില്‍ ജയപ്രദ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. തിയേറ്റര്‍ ജീവനക്കാരുടെ ഇ.എസ്‌.ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് നടിയെ ശിക്ഷിച്ചത്. ചെന്നൈ എഗ്മോർ കോടതിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ചത്. 5000 രൂപ പിഴയും ചുമത്തിയിരുന്നു. എഗ്മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും തടവുശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു.   

തിയേറ്ററിലെ ജീവനക്കാരില്‍ നിന്നും ഇഎസ്‌ഐ വിഹിതം പിടിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട ഓഫീസില്‍ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാണ് കോടതിയെ സമീപിച്ചത്. തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ എ​ഗ്മോർ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ, എഗ്മോര്‍ കോടതിയിലെ കേസിനെതിരെയും ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News