അദാനി ഗ്രൂപ്പിന്റെ 6,000 കിലോ ഭാരമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളായി മുറിച്ച് കടത്തി; നാല് പേർ അറസ്റ്റിൽ
സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്
മുംബൈ: മുംബൈയിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6000 കിലോഗ്രാം ഇരുമ്പുപാലം മോഷ്ടിച്ച് കടത്തി. മലാഡിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച ഇരുമ്പുപാലമാണ് കഷ്ണങ്ങളായി മുറിച്ച് കടത്തിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
90 അടി നീളമുള്ള ഈ പാലത്തിലൂടെയായിരുന്നു അദാനി ഇലക്ട്രിസിറ്റ് ഓഫീസിലേക്ക് കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ടുപോയിരുന്നത്. ഓവുചാലിനു മുകളിൽ സ്ഥിരം പാലം നിർമിച്ചതിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഈ ഇരുമ്പുപാലം താൽക്കാലികമായി അഴിച്ചുമാറ്റി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഈ താൽക്കാലിക പാലം കാണാതായെന്ന് ജൂൺ 26 നാണ് അദാനി ഗ്രൂപ്പ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം മോഷണം പോയതായി കണ്ടെത്തിയത്.
പാലം നിന്നിരുന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ ഇല്ലായിരുന്നു.എന്നാൽ സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജൂൺ 11 ന് പാലത്തിന്റെ ദിശയിലേക്ക് ഒരു വലിയ വാഹനം പോകുന്നതായി കണ്ടെത്തിയത്. ഈ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ പൊലീസ് ട്രാക്ക് ചെയ്തു. ഇരുമ്പ് പാലം മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് കട്ടിംഗ് മെഷീനുകളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പാലം നിർമിക്കാൻ കരാർ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനും ഇയാളുടെ മൂന്ന് സഹായികളുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മുറിച്ചുമാറ്റിയ ഇരുമ്പ് പാലത്തിന്റെ കഷ്ണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.