'പ്രായപൂർത്തിയായ ഒരാൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ ആരുടെയും ഇടപെടൽ വേണ്ട'; അലഹബാദ് ഹൈക്കോടതി

രാജ്യത്ത് ദുരഭിമാനക്കൊല അധികരിക്കുന്ന സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2024-06-10 10:59 GMT
Advertising

ലഖ്‌നൗ: പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും ആർട്ടിക്കിൾ 21 ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് ദുരഭിമാനക്കൊല അധികരിക്കുന്ന സാഹചര്യമാണെന്നും കോടതി പ്രത്യേകം പരാമർശിച്ചു.

യുപി സിദ്ധാർഥ് നഗർ സ്വദേശിനിയായ യുവതി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മാതൃസഹോദരൻ നൽകിയ പരാതിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. 21കാരിയായ യുവതി മുസ്‌ലിം മതാചാരപ്രകാരം വിവാഹം കഴിച്ചിരുന്നു. ഇതിന് തെലങ്കാന സ്റ്റേറ്റ് വഖഫ് ബോർഡ് അംഗീകാരവും നൽകി.

എന്നാൽ വിവാഹത്തെ എതിർത്ത ബന്ധുക്കൾ ഐപിസി 363ാം വകുപ്പ് പ്രകാരം യുവാവിനെതിരെ കേസ് നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മാതൃസഹോദരനൊപ്പം അയയ്ക്കുകയും ചെയ്തു.

പിന്നാലെ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ സ്വന്തം ഇഷ്ടപ്രകാരം യുവാവിനെ വിവാഹം കഴിച്ചതാണെന്ന് യുവതി മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്തിയെങ്കിലും കോടതി വഴങ്ങിയില്ല. മാതൃസഹോദരന്റെ വീട്ടിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് യുവതി അറിയിച്ചിട്ടും മുഖവിലയ്‌ക്കെടുക്കാതെ കോടതി ഇവരെ തിരിച്ച് ബന്ധുവീട്ടിലേക്ക് തന്നെ അയച്ചു. തുടർന്ന് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താൻ മാതാപിതാക്കൾക്ക് പോലും അനുവാദമില്ലെന്നാണ് ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് അരുൺ കുമാർ എന്നിവർ അധ്യക്ഷരായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ ബന്ധുവീട്ടിലേക്കയച്ച കോടതിയെയും മാതൃസഹോദരന്റെ പരാതിയിൽ കേസെടുത്ത പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സ്ത്രീസുരക്ഷ ഉറപ്പ് വരുത്തേണ്ട പൊലീസ് തന്നെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി എന്നായിരുന്നു കോടതിയുടെ വിമർശനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News