10 തവണ തോറ്റിട്ടും പിൻമാറിയില്ല; 11-ാം തവണ പത്താം ക്ലാസ് പാസായി യുവാവ്-ആഘോഷമാക്കി നാട്
മഹാരാഷ്ട്ര സ്വദേശിയായ കൃഷ്ണ നാംദേവ് ആണ് പതിനൊന്നാമത്തെ ശ്രമത്തിൽ വിജയം കണ്ടത്.
മുംബൈ: 10 തവണ പരാജയപ്പെട്ടിട്ടും പിൻമാറാതെ പൊരുതി ജയിച്ച് നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയാവുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കൃഷ്ണ നാംദേവ്. പതിനൊന്നാമത്തെ ശ്രമത്തിലാണ് കൃഷ്ണ പത്താം ക്ലാസ് പരീക്ഷ പാസായത്.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയം ആഘോഷിച്ചത് കൃഷ്ണയുടെ കൂടുംബം മാത്രമല്ല, അദ്ദേഹത്തിന്റെ ഗ്രാമം ഒന്നാകെയായിരുന്നു. കൃഷ്ണയെ ചുമലിലേറ്റി ഘോഷയാത്ര നടത്തിയാണ് ഗ്രാമം അദ്ദേഹത്തിന്റെ വിജയം ആഘോഷിച്ചത്.
2018-ലാണ് കൃഷ്ണ ആദ്യമായി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഒരിക്കൽ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയോടെയാണ് ഓരോ തവണയും പരീക്ഷക്കായി ഫീസ് അടച്ചതെന്ന് കൃഷ്ണയുടെ പിതാവ് നംദേവ് മുണ്ടെ പറഞ്ഞു. കൃഷ്ണ വിജയിച്ച വാർത്ത വന്നപ്പോൾ പിതാവ് തന്നെയാണ് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രക്ക് നേതൃത്വം നൽകിയത്.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 95.81 ശതമാനമാണ് വിജയം. 15 ലക്ഷം കുട്ടികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയത്.