മക്കളുടെ രോഗത്തെ കുറിച്ചുള്ള ട്വീറ്റിന് പിന്നാലെ ഇരുവരേയും കൊന്ന് ജീവനൊടുക്കി ബി.ജെ.പി നേതാവ്
മിശ്രയുടെ ഇരു മക്കളും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവരായിരുന്നു.
ഭോപ്പാൽ: മക്കളുടെ രോഗത്തെ കുറിച്ചുള്ള ട്വീറ്റിന് പിന്നാലെ അവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി ബി.ജെ.പി നേതാവും ഭാര്യയും. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ പ്രാദേശിക ബി.ജെ.പി നേതാവും മുൻ കോർപറേറ്ററുമായ സഞ്ജീവ് മിശ്ര (45), നീലം (42), അൻമോൽ (13), ശാർതക് (7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മിശ്രയുടെ ഇരു മക്കളും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവരായിരുന്നു. മക്കളുടെ രോഗാവസ്ഥയിൽ കടുത്ത മനോവിഷമത്തിലായിരുന്നു ദമ്പതികളെന്ന് വിദിഷയിലെ സിവിൽ ലൈൻസ് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഇരു മക്കളേയും കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയത്. ഇതിന് മുമ്പ് മിശ്ര ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. 'ശത്രുവിന്റെ മക്കളെപ്പോലും ഈ രോഗത്തിൽ നിന്ന് ദൈവം രക്ഷിക്കട്ടെ... കുട്ടികളെ രക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല. ഇനി ജീവിക്കാനും ആഗ്രഹിക്കുന്നില്ല'- എന്നാണ് മിശ്ര ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പൂട്ടിക്കിടന്ന വാതിൽ തകർത്ത് അകത്തുകടന്ന് നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.