ജിഗ്നേഷ് മേവാനി എം.എല്‍.എയ്ക്ക് ആറ് മാസം തടവ്

2016ൽ റോഡ് ഉപരോധിച്ചതിന് എടുത്ത കേസിലാണ് ശിക്ഷ

Update: 2022-09-16 14:58 GMT
Advertising

ഗുജറാത്തിലെ എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവുശിക്ഷ. അഹമ്മദാബാദിലെ മോട്രോ പൊളിറ്റന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016ൽ റോഡ് ഉപരോധിച്ചതിന് എടുത്ത കേസിലാണ് ശിക്ഷ. നിയമ വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നായിരുന്നു കേസ്. 

ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ തുടങ്ങി 18 പേര്‍ക്കും മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചു.

വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയാണ് മേവാനി. വിധിയോട് മേവാനി പ്രതികരിച്ചതിങ്ങനെ- "ഗുജറാത്ത് സർക്കാർ  ബലാത്സംഗികളെ ജയിലിൽ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി ആർ പാട്ടീലിനെതിരെ 108 കേസുകൾ ഉണ്ട്. എന്നാൽ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ഞങ്ങള്‍ക്ക് ആറ് മാസത്തെ തടവ് വിധിച്ചിരിക്കുന്നു. വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു".

മേവാനിയെ അസം പോലീസ് ഈ വര്‍ഷം ഏപ്രിലിൽ രണ്ട് ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിക്കണമെന്നായിരുന്നു ട്വീറ്റ്. ക്രിമിനൽ ഗൂഢാലോചന, രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.  

Summary- A metropolitan court in Ahmedabad sentenced Dalit leader and independent MLA Jignesh Mevani to six months imprisonment in connection with an FIR registered for protesting to name a building in Gujarat University's law department after Dr B R Ambedkar

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News