'ഇനിയും എത്ര പേരുടെ രക്തം വേണം നിങ്ങൾക്ക്? എത്ര കണ്ണീർ വീഴണം? എത്ര വിലാപങ്ങൾ കേൾക്കണം?'-സംഭാൽ വെടിവയ്പ്പിൽ ഉവൈസി

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു

Update: 2024-11-24 17:08 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ഉത്തർപ്രദേശിലെ സംഭാലിലെ സംഘർഷത്തിനിടെ നടന്ന പൊലീസ് വെടിവയ്പ്പിനെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. മൂന്ന് യുവാക്കളാണ് യുപി പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.

'നാട്ടുകാരേ, നിങ്ങളുടെ നിറംകെട്ട ഭൂമിയെ വർണാഭമാക്കാൻ ഇനിയും എത്ര പേരുടെ രക്തം വേണം? നിങ്ങളുടെ ഹൃദയത്തെ കുളിരണിയിക്കാൻ എത്ര വിലാപങ്ങൾ കേൾക്കണം? എത്ര കണ്ണീർ വീഴണം നിങ്ങളുടെ മരുഭൂമി പൂന്തോട്ടമാകാൻ?'-ഉവൈസി എക്‌സ് പോസ്റ്റിൽ ചോദിച്ചു.

സംഭാലിൽ സമാധാനത്തിനു വേണ്ടി പ്രതിഷേധം നടത്തിയവർക്കുനേരെ ഉത്തർപ്രദേശ് പൊലീസ് നടത്തിയ വെടിവയ്പ്പിനെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വെടിവയ്പ്പിൽ മൂന്ന് യുവാക്കളാണു കൊല്ലപ്പെട്ടത്. മരിച്ചവർക്ക് പൊറുക്കലിനു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു ക്ഷമ നൽകാനും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയോടെയാണ് സംഭാലിലെ ഷാഹി മസ്ജിദിൽ നടന്ന സർവേയ്‌ക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് വെടിവച്ചത്. സംഭവത്തിൽ നഈം, ബിലാൽ, നുഅ്മാൻ എന്നിങ്ങനെ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾ ആക്രമിക്കുകയും തങ്ങൾക്കുനേരെ കല്ലെറിയുകയും ചെയ്‌തെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭാലിലെ മുഗൾ കാലത്തെ ഷാഹി മസ്ജിദിൽ ആദ്യ സർവേ നടന്നത്. പള്ളി നിൽക്കുന്ന സ്ഥലത്ത് ഹരിഹരേശ്വര ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർവേ. ഇതിനുശേഷം മുന്നറിയിപ്പുകളൊന്നുമില്ലാതെ ഇന്നു രാവിലെയും അഡ്വക്കേറ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സർവേ നടക്കുകയായിരുന്നു. ഇതിനെതിരെയാണു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

Summary: 'How many people’s blood do you need?': AIMIM chief Asaduddin Owaisi condemns Sambhal firing

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News