നോൺവെജ് ഉപേക്ഷിക്കാൻ നിർബന്ധം, പൊതുസ്ഥലത്ത് മർദനം; പൈലറ്റിന്റെ ആത്മഹത്യ, സുഹൃത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ
ആദിത്യയോടുള്ള ഇഷ്ടം കാരണം എന്ത് വന്നാലും താൻ സഹിക്കുമെന്നൊക്കെ ഒരു കസിനോട് സൃഷ്ടി പറഞ്ഞിരുന്നതായാണ് വിവരം
മുംബൈ: മുംബൈയിൽ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി (25) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ അറസ്റ്റിലായ ആദിത്യ പണ്ഡിറ്റ് (27)യുവതിയെ പലപ്പോഴായി മർദിക്കാറുണ്ടായിരുന്നുവെന്നും നോൺ വെജ് ഭക്ഷണം കഴിക്കുന്നതിലടക്കം വാക്കുതർക്കങ്ങളുണ്ടായിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഇന്നലെ തന്നെ പൊവയ് പൊലീസ് ആദിത്യയെ അറസ്റ്റ് ചെയ്തിരുന്നു.
ആദിത്യയും സൃഷ്ടിയുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. രണ്ട് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഡൽഹിയിലെ ട്രെയിനിങ്ങിനിടെ ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
മുംബൈയിലേക്ക് താമസം മാറിയതിന് ശേഷം ആദിത്യയുടെ പെരുമാറ്റം രൂക്ഷമായെന്നാണ് സൃഷ്ടിയുടെ ബന്ധുക്കൾ പറയുന്നത്. സൃഷ്ടിയുടെ ഭക്ഷണശീലമായിരുന്നു ഇതിനുള്ള ഒരു പ്രധാനകാരണം. ഗുരുഗ്രാമിൽ ഒരു കല്യാണച്ചടങ്ങിനിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് വരെ ഇതിന്റെ പേരിൽ വഴക്കുണ്ടായി. അന്ന് സൃഷ്ടിയെ ആദിത്യ നടുറോഡിൽ ഇറക്കി വിട്ട് കാറോടിച്ച് പോയി എന്നാണ് കുടുംബം പറയുന്നത്.
സൃഷ്ടിക്ക് ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം തലേന്ന് തന്റെ കൂടെ ഒരു ചടങ്ങിൽ പങ്കെടുക്കാത്തതിന് 12 ദിവസത്തോളം ആദിത്യ യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. വലിയ മനോവിഷമത്തിലൂടെയാണ് സൃഷ്ടി അന്ന് കടന്നു പോയതെന്ന് കുടുംബം പറയുന്നു. ആദിത്യയോടുള്ള ഇഷ്ടം കാരണം എന്ത് വന്നാലും താൻ സഹിക്കുമെന്നൊക്കെ ഒരു കസിനോട് സൃഷ്ടി പറഞ്ഞിരുന്നതായാണ് വിവരം. മരിക്കുന്നതിന് തലേന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് സൃഷ്ടിയെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഡൽഹിയിലേക്കുള്ള യാത്രാമധ്യേ, ജീവനൊടുക്കുകയാണെന്ന് സൂചിപ്പിച്ച് ആദിത്യക്ക് സൃഷ്ടിയുടെ കോൾ വന്നിരുന്നു. എന്നാൽ മുംബൈയിലെ ഫ്‌ളാറ്റിൽ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ സൃഷ്ടി ജീവനൊടുക്കി.
കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.സൃഷ്ടിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.