'ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്ക് നീങ്ങും, സർക്കാർ പകപോക്കുകയാണ്'; രൂക്ഷവിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു നാഡയുടെ വിലക്ക്

Update: 2024-11-28 13:30 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശവുമായി ഗുസ്തി താരം ബജ്‌റംഗ് പുനിയ. തനിക്കെതിരായ നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ പുനിയ ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങുമെന്നും വ്യക്തമാക്കി. 

'വിലക്കിയത് ഇത് തന്നെ ഒരിക്കലും ഞെട്ടിച്ചില്ല. കാരണം ഇത്തരം നടപടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്നതാണ്. നാഡയ്ക്ക് സാമ്പിള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. കാലാവധി കഴിഞ്ഞ കിറ്റുമായാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വേണ്ടി എന്റെ വീട്ടിലെത്തിയത്. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു', ബജ്‌റംഗ് പുനിയ പറഞ്ഞു.

'വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വര്‍ഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തോടുള്ള പ്രതികാരമായാണ് ഈ നടപടി. ആ പോരാട്ടത്തില്‍ ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയത് ''- ബജ്‌റംഗ് പുനിയ എക്‌സില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്റംഗ് പുനിയയ്ക്ക് നാഡ നാല് വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു വിലക്ക്. ബിജെപിയുടെ മുന്‍ എംപിയായ ബ്രിജ്ഭൂഷണിനെതിരായ ലൈംഗികപീഡന പരാതിയില്‍ ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ നേതാവുമായിരുന്നു ബജ്‌റംഗ് പുനിയ

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News