ആൾട്ട് ന്യൂസ് മേധാവി മുഹമ്മദ് സുബൈറിന് ജാമ്യമില്ല
2018ൽ നടത്തിയ ട്വീറ്റ് മതസ്പർധയുണ്ടാക്കി എന്നാരോപിച്ചാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്
ന്യൂഡൽഹി: അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി പട്യാല കോടതി ജാമ്യം നിഷേധിച്ചു. സുബൈറിനെതിരെ ഡൽഹി പൊലീസ് പുതിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് സുബൈറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കവെ ഡൽഹി പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ എഫ്.ഐ.ആറിൽ ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ 35ാം വകുപ്പിനൊപ്പമാണ് ചേർത്തത്.
2018ൽ നടത്തിയ ട്വീറ്റ് മതസ്പർധയുണ്ടാക്കി എന്നാരോപിച്ചാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമാണ് 'ആൾട്ട് ന്യൂസ്'. 2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതായും ഇതിനെതിരെ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം ബംഗലൂരു ഡി.ജെ ഹള്ളിയിലെ സുബൈറിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇലക്ട്രോണിസ് തെളിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സുബൈറിന് വേണ്ടി ഹാജരായ പ്രമുഖ സുപ്രീംകോടതി അഭിഭാഷക വൃന്ദാ ഗ്രോവർ 1983ൽ റിലീസ് ചെയ്ത ഹിന്ദി സിനിമ 'കിസി സേ ന കഹ്നാ'യിലെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് കേസും അറസ്റ്റും എന്നും ബോധിപ്പിച്ചിരുന്നു.