ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു: അമര്‍ത്യ സെന്‍
ഓരോ തെരഞ്ഞെടുപ്പിന് ശേഷവും ഞങ്ങൾ എപ്പോഴും ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു
കൊല്‍ക്കത്ത: ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമല്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ വിചാരണ കൂടാതെയുള്ള തടങ്കൽ രാജ്യത്ത് വ്യാപകമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്ര'മല്ല എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രമേ പ്രതിഫലിച്ചിട്ടുള്ളൂ," യു.എസില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ സെന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ബംഗാളി വാർത്താ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി. "ഓരോ തെരഞ്ഞെടുപ്പിന് ശേഷവും ഞങ്ങൾ എപ്പോഴും ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകളെ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കുക, പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുക തുടങ്ങിയ ചില കാര്യങ്ങൾ ഇപ്പോഴും തുടരുകയാണ്. അത് നിശ്ചയമായും അവസാനിപ്പിക്കേണ്ടതുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള മതേതര രാജ്യമായിരിക്കുമ്പോൾ, രാഷ്ട്രീയമായി തുറന്ന മനസ്സുള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും സെന്‍ പറഞ്ഞു.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആശയം ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല. പുതിയ കേന്ദ്രമന്ത്രിസഭ നേരത്തെയുള്ള മന്ത്രിസഭയുടെ പകർപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "മന്ത്രിമാർ സമാനമായ വകുപ്പുകൾ വഹിക്കുന്നു. നേരിയ പുനഃസംഘടനയുണ്ടെങ്കിലും രാഷ്ട്രീയമായി ശക്തരായവർ ഇപ്പോഴും ശക്തരാണ്," അദ്ദേഹം പറഞ്ഞു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന തൻ്റെ കുട്ടിക്കാലത്ത് വിചാരണയില്ലാതെ ആളുകളെ ജയിലിലടച്ചിരുന്നതായി 90കാരനായ സെൻ അനുസ്മരിച്ചു.
“എൻ്റെ ചെറുപ്പത്തിൽ, എൻ്റെ അമ്മാവന്മാരും സഹോദരങ്ങളും വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ടു.ഇന്ത്യ ഇതിൽ നിന്ന് മുക്തമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതിന് കോണ്‍ഗ്രസും ഉത്തരവാദികളാണ്. അവര്‍ ആ രീതിയില്‍ മാറ്റം വരുത്തിയില്ല. ഈ സര്‍ക്കാരിന്‍റെ കാലത്ത് അത് കൂടുതല്‍ ശക്തമാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിൻ്റെ യഥാർത്ഥ വ്യക്തിത്വത്തെ മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് അയോധ്യയിൽ രാമക്ഷേത്രം പണിതിട്ടും ഫൈസാബാദ് ലോക്‌സഭാ സീറ്റ് ബി.ജെ.പിക്ക് നഷ്ടമായതിനെ പരാമര്‍ശിച്ച് സെന്‍ പറഞ്ഞു.''ഒരുപാട് പണം മുടക്കിയാണ് രാമക്ഷേത്രം പണിത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിൻ്റെയും നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെയും നാട്ടിൽ ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയുടെ യഥാർത്ഥ സ്വത്വത്തെ അവഗണിക്കാനുള്ള ശ്രമമാണ് ഇത്. അത് മാറണം'' അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾ അവഗണിക്കപ്പെടുകയാണെന്നും സെൻ പറഞ്ഞു.