‘ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോർഡിന്‍റെ ശീലമായി’; ആര് എതിർത്താലും വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

‘കർണാടകയിൽ ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്’

Update: 2024-11-12 12:18 GMT
Advertising

റാഞ്ചി: വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുകയാണെന്നും വഖഫ് നിയമ ഭേദഗതി നടപ്പാക്കാൻ സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ ബഗ്മരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോത്ര വിഭാഗങ്ങളെ ഇതിൽനിന്ന് മാറ്റനിർത്തുമെന്നും അമിത് ഷാ ഉറപ്പുനൽകി.

‘ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോർഡിന് ശീലമായി മാറിയിട്ടുണ്ട്. കർണാടകയിൽ അത് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് നിങ്ങൾ പറയൂ’ -അമിത് ഷാ പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വഖഫ് ബോർഡിലെ പരിഷ്കാരങ്ങൾ എതിർക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ‘ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വേണ്ട എന്നാണ് പറയുക. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേഗതി ചെയ്യാനുള്ള ബിൽ ബിജെപി പാസാക്കും. അതിനെ ആർക്കും തടയാൻ സാധിക്കില്ല’ -അമിത് ഷാ പറഞ്ഞു.

‘ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ നിരവധി അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കും. ഭരണകക്ഷിയായ ഹേമന്ത് സോറൻ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായിട്ടാണ് കാണുന്നത്. ജാർഖണ്ഡിലെ നുഴഞ്ഞുകയറ്റം തടയാനുള്ള ഏകീകൃത സവിൽ കോഡ് നടപ്പാക്കുന്നത് ആർക്കും തടയാൻ സാധിക്കില്ല. പക്ഷെ, ഗോത്രവർഗക്കാരെ അതിന്റെ പരിധിയിൽനിന്ന് മാറ്റിനിർത്തും’ -അമിത് ഷാ വ്യക്തമാക്കി.

ബിജെപി അധികാരത്തിലെത്തിയാൽ അടുത്ത അഞ്ച് വർഷം ജാർഖണ്ഡിനെ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാക്കി മാറ്റും. ജെഎംഎം, കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ച ഓരോ പൈസയും ട്രഷറിയിലേക്ക് തിരിച്ചെത്തിക്കും. ജാർഖണ്ഡിൽ ധാതു അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുകയും ആരും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നവംബർ 13, 20 തീയതികളിലായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 സീറ്റുകളാണ് നിയമസഭയിലുള്ളത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News