ഭക്ഷ്യ സംസ്‌കരണ ശാലയിൽ അമോണിയം ചോർച്ച; ഒഡിഷയിൽ 28 തൊഴിലാളികൾ ആശുപത്രിയിൽ
നാലുപേരുടെ നില ഗുരുതരം
ബാലസോർ: ഭക്ഷ്യ സംസ്‌കരണ ശാലയിൽ അമോണിയം ചോർച്ചയുണ്ടായതിനെ തുടർന്ന് ഒഡിഷയിൽ 28 തൊഴിലാളികൾ ആശുപത്രിയിൽ.ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
ബാലസോർ ജില്ലയിലെ ഖന്തപദ പൊലീസ് പരിധിയിലെ ഗദഭംഗ ഗ്രാമത്തിലെ കൊഞ്ച് സംസ്‌കരണ പ്ലാന്റിലാണ് അമോണിയം ചോർന്നത്.തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വൈകിട്ട് 4.30 ഓടെ പ്ലാന്റിൽ നിന്ന് വാതകം ചോരാൻ തുടങ്ങി. തുടർന്ന് യൂണിറ്റ് മുഴുവൻ വ്യാപിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
വാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസമുണ്ടായതോടെയാണ് ഇവരെ ഖന്തപദ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ പിന്നീട് നില വഷളായതിനെ തുടർന്ന് ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ദുലാൽ സെൻ ജഗത്‌ദേവ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നാലുപേരെ ഡിസ്ചാർജ് ചെയ്തു. മറ്റ് അഞ്ച് പേരെ 24 മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്യും. ഖന്തപദ പൊലീസ് കൊഞ്ച് സംസ്‌കരണ യൂണിറ്റിലെത്തി അന്വേഷണം തുടങ്ങി.