കെജ്‌രിവാളിന്റെ ഫോൺ അൺലോക്ക് ചെയ്ത് നൽകാനാകില്ല; ഇ.ഡിയോട് നോ പറഞ്ഞ് ആപ്പിൾ
അറസ്റ്റിലായ അന്ന് രാത്രി തന്നെ കെജ്രിവാൾ ഐഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്‌വേഡ് ഇ.ഡിക്ക് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക് ചെയ്ത് നൽകണമെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. ദൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി കെജ്‌രിവാളിന്റെ ഫോൺ ആക്‌സസ് ചെയ്ത് നൽകണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്രിവാളിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗാമായാണ് ആപ്പിൾ കമ്പനിയെ ഇ.ഡി സമീപിച്ചത്.
എന്നാൽ മൊബൈൽ ഉടമയുടെ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്സസ് ചെയ്യാൻ സാധിക്കുവെന്നും വിവരങ്ങൾ ചോർത്തി നൽകില്ലെന്നും ആപ്പിൾ വ്യക്തമാക്കി.
എക്സൈസ് നയവുമായി ബന്ധപ്പെട്ട് മാർച്ച് 21ന് രാത്രിയാണ് കെജ്‌രിവാളിനെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ മുഖ്യമന്ത്രി ഐഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്‌വേഡ് ഇ.ഡിക്ക് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
തന്റെ മൊബൈൽ ഫോൺ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എ.എപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും സഖ്യ സമവാക്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഐ ഫോൺ അക്സ്സ് ചെയ്യാനുള്ള ആവശ്യം ആപ്പിൾ കമ്പനി നിരാകരിക്കുന്നത്. മുമ്പ് യു.എസ് സർക്കാറിനോട് പോലും വിവരങ്ങൾ നൽകാനാവില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നു.