നാഗാലാന്റിലേത് സൈന്യം നടത്തിയ കൊലപാതകം- ജസ്റ്റിസ് മദൻ ലോകൂർ
ഗ്രാമീണരുടെ കൊലപാതകത്തെകുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം
നാഗാലാന്റിലേത് സൈന്യം പതിയിരുന്ന് നടത്തിയ കൊലപാതകമാകാമെന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് മദൻ ലോകൂർ. സായുധസേനയുടെ പ്രത്യേകാധികാര നിയമം( അഫ്‌സ്പ) കാണുന്ന ആരെയും കൊല്ലാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നാഗാലാന്റിൽ സൈന്യത്തിന്റെ വെടിവെപ്പിൽ 14 ഗ്രാമീണർ ദാരുണമായി കൊല്ലപ്പെടുന്നത്. സമ്പൂർണ അധികാരമുള്ള സംസ്ഥാനങ്ങളിലെവിടെയും ഓപ്പറേഷനുകൾ നടത്താനും വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനുമുള്ള അങ്ങേയറ്റം വികലമായ അധികാരമാണ് അഫ്‌സ്പ സൈന്യത്തിന് നൽകുന്നത്.
എല്ലാ നിയമനടപടികളിൽ നിന്നും സുരക്ഷ സേനയെ അഫ്‌സ്പ സംരക്ഷിക്കുമെന്നുറപ്പാണ്. ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ നാഗാലാന്റ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ നിന്ന് സേനയെ സംരക്ഷിക്കാൻ അഫ്‌സ്പയുടെ അധികാരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. മണിപ്പൂരിൽ അഫ്സ്പ നിലവിൽ വന്നപ്പോൾ സൈന്യവും പൊലീസും നടത്തിയ ഡസൻ കണക്കിനുള്ള ജുഡീഷ്യൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ 2017ൽ സിബിഐയോട് നിർദ്ദേശിച്ച സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകൂർ.
നാഗാലാന്റ് പൊലീസ് എങ്ങനെ ഈ കേസ് അന്വേഷിക്കുമെന്നും എനിക്കറിയില്ല. കഴിവുള്ള വ്യക്തികളെ ഉപയോഗിച്ച് ഈ കേസിൽ സ്വതന്ത്രമായ അന്വേഷണമാണ് നടത്തേണ്ടത്. സായുധസേനക്ക് നടന്ന കാര്യങ്ങൾ മൂടിവെക്കാൻ നിരവധി അവസരങ്ങളുണ്ട്. സായുധസേന എപ്പോഴും ചെയ്യുന്നത് പോലെയാണ് ഇതും ചെയ്തത്. കൊല്ലുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ ഗ്രാമവാസികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയുമാണ് സുരക്ഷ സേനയുടെ ഉദ്ദേശ്യമെന്ന് നാഗാലാന്റ് പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഗ്രാമവാസികൾ മാരകായുധങ്ങളുമായി ആക്രമണം നടത്തിയപ്പോൾ 'സ്വയം പ്രതിരോധത്തിനായി' സൈനികർ വെടിയുതിർക്കാൻ നിർബന്ധിതരായി എന്നാണ് സൈന്യം പറഞ്ഞത്. സ്വയം പ്രതിരോധത്തിനായിരിക്കില്ല സൈന്യം തന്നെ മുൻകൈയെടുത്ത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണിൽ അഫ്‌സ്പ ആറ്മാസത്തേക്ക് കൂടി നീട്ടിയത് നാഗാലാന്റിൽ പ്രതിപക്ഷവും ഭരണകക്ഷിയായ ബിജെപിയുടെ ചില സംഖ്യകക്ഷികളുമായി ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. പുതിയ സംഭവത്തോട് കക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.