വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ അണിനിരന്ന് ലാലുവും തേജസ്വിയും
ജനാധിപത്യ-ഭരണഘടനാ വിരുദ്ധ ബിൽ പിൻവലിക്കുന്നതുവരെ പോരാടുമെന്ന് തേജസ്വി യാദവ്


പട്ന: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്ന് മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവും മകനും എംപിയുമായ തേജസ്വി യാദവും. ഭേദഗതി പിൻവലിക്കുന്നത് വരെ ബില്ലിനെ ചെറുക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ആൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി.
ബുധനാഴ്ച ആർജെഡി എംഎൽഎമാരും ഇടതു സഖ്യകക്ഷികളും ത്രിവർണ്ണ പതാകയും വിവാദ ബില്ലിനെ എതിർത്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തിയാണ് നിയമസഭയിലെത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് വരെ സഭ നിർത്തിവച്ചു.
ജനാധിപത്യ-ഭരണഘടനാ വിരുദ്ധ ബിൽ പിൻവലിക്കുന്നതുവരെ പോരാടുമെന്ന് തേജസ്വി യാദവ് പ്രതിഷേധ യോഗത്തിൽ വ്യക്തമാക്കി. വൃക്ക മാറ്റിവയ്ക്കലും ഹൃദയ ശസ്ത്രക്രിയയും മൂലം ശരീരം തളർന്നുപോയിട്ടും ഇവിടെയെത്തിയ ലാലു പ്രസാദ് യാദവിെൻറ രക്തം എന്റെ സിരകളിലുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. വഖഫ് വിഷയത്തിൽ ഞങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.
സ്വേച്ഛാധിപത്യപരവും ഭരണഘടനയെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിയാൻ ആഗ്രഹിക്കുന്നതുമായ ഈ സർക്കാരിന്റെ അജണ്ട ഞങ്ങൾ കാറ്റിൽ പറത്തും. ഇന്ന് വഖഫ് നിയന്ത്രിക്കുന്നതിന്റെ പേരിൽ അവർ മുസ്ലിംകളെ ലക്ഷ്യം വയ്ക്കുകയാണ്. നാളെ ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും ഊഴമായിരിക്കാമെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. അധികാരത്തോടുള്ള അത്യാഗ്രഹം കാരണം ബില്ലിനെ പിന്തുണയ്ക്കുന്ന ചിലരുണ്ടെന്നും നിതീഷ് കുമാറിനെ ഉന്നമിട്ടുകൊണ്ട് തേജസ്വി പറഞ്ഞു. പ്രതിഷേധ പരിപാടിയിൽ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറും പങ്കെടുത്തു.