പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ കൊല്ലപ്പെട്ട സംഭവം; ഗുരുതര വീഴ്ചയെന്ന് സൈനിക അന്വേഷണ റിപ്പോർട്ട്

‘ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് പേരും കൊല്ല​പ്പെട്ടതെന്ന് റിപ്പോർട്ടിൽ’

Update: 2024-04-05 06:23 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ  കസ്റ്റഡിയിൽ​ മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ സൈനികർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ആഭ്യന്തര അന്വേഷണ റി​പ്പോർട്ട്. സൈനികരുടെ ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് പേരും കൊല്ല​പ്പെട്ടതെന്ന് റിപ്പോർട്ടിലുണ്ടെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.വിവിധ റാങ്കിലുള്ള എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.

2023 ഡിസംബറിൽ പൂഞ്ചിൽ അഞ്ച് സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് സൈന്യം നിരവധി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റാണ് 3 പേരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

ഡിസംബർ 21 ന് ദേറ കി ഗലിക്കും ബഫ്ലിയാസിനും ഇടയിലുള്ള മുഗൾ റോഡിലാണ് ഭീകരാക്രമണം നടന്നത്.പിറ്റേന്ന് രാവിലെ പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് ഏരിയയിലെ ടോപ പീറിൽ നിന്ന് എട്ട് സിവിലിയൻമാരെയും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശത്ത് നിന്ന് അഞ്ച് പേരെയും സൈന്യം കസ്റ്റഡിയിലെടുക്കുന്നത്.ടോപ പീറിൽ നിന്ന് കൊണ്ടുപോയ എട്ട് പേരിൽ മൂന്ന് പേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബഫ്ലിയാസ് ഗ്രാമത്തിലെ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായി മർദ്ദനമേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണത്തിൽ സൈന്യത്തിന്റെ ഇടപെടലിൽ വീഴ്ചകൾ കണ്ടെത്തി.ചില ഉദ്യോഗസ്ഥരുടെ നടപടികളിലും സിവിലിയന്മാരോടുള്ള പെരുമാറ്റത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് അന്വേ​ഷണ സമിതി റിപ്പോർട്ടിലുള്ളത്. ചോദ്യം ചെയ്യലിന് നേരിട്ടോ അല്ലാതെയോ ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ റാങ്കുകളിലുള്ള നിരവധി പേർക്കുമെതിരെഅച്ചടക്ക നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.  ബ്രിഗേഡ് കമാൻഡറുടെയും കമാൻഡിംഗ് ഓഫീസറുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായതായും റിപ്പോർട്ടിലുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

അതെ സമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സൈന്യം പ്രതികരിച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസ് റി​പ്പോർട്ട് ചെയ്യുന്നു. മൂന്ന് സൈനികർ മരിച്ച സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് സൈന്യം നടത്തുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിയമത്തിന് അനുസൃതമായി നടപടിയുണ്ടാകുമെന്നും സൈന്യം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും രജൗരിയിലെത്തി മൂന്ന് പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News