കടം വാങ്ങിയവര്‍ തിരികെ തരണം, മകളുടെ വിവാഹം ഒരു കോടി ചെലവില്‍ നടത്തണം; ഭാര്യയെ കൊന്ന് ജീവനൊടുക്കിയ വ്യവസായിയുടെ കുറിപ്പ് പുറത്ത്
കുറിപ്പിലും വീഡിയോയിലും തനിക്ക് പണം തരാനുള്ള ഒരു ഡസനോളം പേരുകൾ പരാമര്‍ശിച്ചിട്ടുണ്ട്
പന്ന: മധ്യപ്രദേശിലെ പന്നയില്‍ ഭാര്യയെ കൊന്ന് സ്വയം വെടിവച്ചു ജീവനൊടുക്കിയ ടെക്സ്റ്റൈൽ, ഡയമണ്ട് വ്യവസായി സഞ്ജയ് സേഠിന്‍റെ മരണത്തിനു മുന്‍പുള്ള കുറിപ്പ് പുറത്ത്. കുറിപ്പിനൊപ്പം ദമ്പതികളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുറിപ്പിലും വീഡിയോയിലും തനിക്ക് പണം തരാനുള്ള ഒരു ഡസനോളം പേരുകൾ പരാമര്‍ശിച്ചിട്ടുണ്ട്.
കരഞ്ഞുകൊണ്ടാണ് അദ്ദേഹം തനിക്ക് പണം തിരികെ നല്‍കാനുള്ളവരുടെ പേര് പറയുന്നത്. ''എനിക്കിനി ജീവിക്കാന്‍ ആഗ്രഹമില്ല,എന്‍റെ മക്കള്‍ക്കു വേണ്ടി, മകളുടെ വിവാഹത്തിനായി എന്‍റെ പണം തിരികെ തരൂ.50 ലക്ഷം മുതല്‍ 1 കോടി വരെ അവളുടെ കല്യാണത്തിനായി ചെലവഴിക്കണം. മകളുടെ അക്കൗണ്ടില്‍ പണമുണ്ട്. 29 ലക്ഷം രൂപ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നു. എനിക്കും ഭാര്യക്കും ജീവിക്കാന്‍ തോന്നുന്നില്ല, ജീവിതം വഴിമുട്ടി. മകൾക്ക് ധാരാളം ആഭരണങ്ങളുണ്ട്... മക്കളേ, ക്ഷമിക്കൂ," വീഡിയോയില്‍ സഞ്ജയ് പറഞ്ഞു. "ഗുരുജി, ഞാൻ നിങ്ങളുടെ ശിഷ്യനാണ്. ക്ഷമിക്കണം, ഞാൻ ദുർബലനായി. സനാതന്‍റെ വിളക്കുകൾ ജ്വലിക്കട്ടെ'' ബാഗേശ്വർ ധാമിലെ അടിയുറച്ച ഭക്തനായ സേത്ത്, അതിന്‍റെ തലവൻ ധീന്ദ്ര കൃഷ്ണ ശാസ്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് തന്‍റെ കുറിപ്പിൽ എഴുതി.
നഗരഹൃദയത്തിലെ കിഷോർഗഞ്ച് ഏരിയയിലാണ് സഞ്ജയ് സേത്ത് ഭാര്യ മീനുവിനൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ചയാണ് സംഭവം. സംഭവസമയത്ത് സഞ്ജയും മീനുവും വീടിന്‍റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു.വെടിയൊച്ച കേട്ടാണ് കുടുംബാംഗങ്ങള്‍ മുകള്‍നിലയിലെത്തുന്നത്. മീനു അപ്പോള്‍ തന്നെ മരിച്ചെങ്കിലും സഞ്ജയിന് ജീവനുണ്ടായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കും മുമ്പ് ഭര്‍ത്താവും മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കു നയിച്ചതെന്ന് പന്ന പോലീസ് സൂപ്രണ്ട് ധരംരാജ് മീണ പറഞ്ഞു."ഇത് വളരെ സങ്കടകരമായ സംഭവമാണ്, ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ, പുറത്തുനിന്നുള്ളവരാരും ഉൾപ്പെട്ടതായി തോന്നുന്നില്ല, ദമ്പതികൾ ആ മുറിയിൽ തനിച്ചായിരുന്നു. ഞങ്ങൾ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.