കേജ്‍രിവാളിനെ തീവ്രവാദിയുടെ വീട്ടിലും കാണാമെന്ന് രാഹുല്‍ ഗാന്ധി; ആം ആദ്മിക്കെതിരെ പോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്
ബര്‍ണാലയില്‍ നടന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി എഎപിക്കെതിരെ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്
അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയായ ആം ആദ്മി പാര്‍ട്ടിക്കെതിരെ പോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്. ബര്‍ണാലയില്‍ നടന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി എഎപിക്കെതിരെ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്.
തീവ്രവാദത്തോട് മൃദു സമീപനവും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ് ആം ആദ്മിയെന്ന് രാഹുല്‍ ആരോപിച്ചു. എന്തു തന്നെ സംഭവിച്ചാലും ഒരു കോണ്‍ഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. എന്നാല്‍ ചൂലിന്‍റെ ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ കണ്ടെത്താം, അതൊരു സത്യമാണ്- രാഹുല്‍ പറഞ്ഞു.
2017ലെ തെരഞ്ഞെടുപ്പില്‍ മോഗയിലെ ഒരു മുന്‍ ഖലിസ്ഥാനി തീവ്രവാദിയുടെ വീട്ടില്‍ അരവിന്ദ് കേജ് രിവാള്‍ തങ്ങിയതിനെക്കുറിച്ചാണ് രാഹുലിന്‍റെ പരമാര്‍ശം. പഞ്ചാബ് ഭരിക്കാന്‍ ഒരു ചാന്‍സ് ചോദിച്ചു നടക്കുന്നവര്‍ പഞ്ചാബിനെ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനെ നന്നായി അറിയുക കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിനു മാത്രമെ ഇവിടെ സമാധാനന്തരീക്ഷം സംരക്ഷിക്കാന്‍ കഴിയൂവെന്നും രാഹുല്‍ പറഞ്ഞു. പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നെന്നും രാഹുല്‍ ആരോപിച്ചു. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80 സീറ്റുകള്‍ വരെ ഉറപ്പാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് രാഹുല്‍ ആഹ്വാനം ചെയ്തു.
നിലവിലെ മുഖ്യമന്ത്രി ചരൺജിത് ചന്നിയെ പ്രശംസിച്ച ഗാന്ധി, താൻ ആളുകളെ ഊഷ്മളമായി കാണുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു, എന്നാൽ അമരീന്ദർ സിങും അങ്ങനെ ചെയ്യുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറഞ്ഞു.''അമരീന്ദർ സിങും ഒരു പാവപ്പെട്ടവനെ കെട്ടിപ്പിടിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, അദ്ദേഹം അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അമരീന്ദർ സിങും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കി'' രാഹുല്‍ പറഞ്ഞു.