'മോദി താടിവളർത്തിയപ്പോഴും ഞങ്ങൾ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചത്'; രാഹുലിനെ പരിഹസിച്ചവർക്ക് മറുപടിയുമായി കോൺഗ്രസ്
ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈനോടാണ് ബി.ജെ.പി രാഹുലിനെ ഉപമിച്ചത്
അഹമ്മദാബാദ്: രാഹുൽ ഗാന്ധിയെ ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മക്ക് മറുപടിയുമായി കോൺഗ്രസ്. 'നിങ്ങളുടെ നേതാവ് താടി വളർത്തിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞില്ല, ഞങ്ങൾ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്' കോൺഗ്രസ് വ്യക്തമാക്കി.
ബി.ജെ.പിയെ നോക്കി ചിരിക്കാൻ തോന്നുന്നുവെന്ന് കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് പറഞ്ഞു. 'അവർ ഇത്ര താഴ്ന്നുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അവരുടെ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അടുത്തിടെ താടി വളർത്തിയിരുന്നു, പക്ഷേ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന യാത്രയിലല്ല അടച്ചിട്ട വാതിലിനുള്ളിലാണ് ഗൂഢാലോചന നടക്കുന്നതെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹിമന്തയുടെ രാഹുലിനെ പരിഹസിച്ചത്. 'രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തിന് ഒരു പ്രശ്നവുമില്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, ലുക്ക് മാറ്റണമെങ്കിൽ വല്ലഭായ് പട്ടേലിനെപ്പോലെയോ ജവഹർലാൽ നെഹ്‌റുവിനെപ്പോലെയോ ആക്കുക. ഗാന്ധിജിയാണെങ്കിൽ അതിലും നല്ലത്. ഇപ്പോൾ നിങ്ങൾ സദ്ദാം ഹുസൈനെ പോലെയുണ്ട്' ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
'ഇന്ത്യൻ സംസ്‌കാരത്തോട് കോൺഗ്രസ് നേതാക്കളുടെ ആചാരങ്ങൾ അടുക്കാത്തതിന് കാരണം ഇതാണ്. അവർ എപ്പോഴും മറ്റുള്ളവരുടെ സംസ്‌കാരങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നു,' അസം മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുലിന്റെ ഗുജറാത്ത് സന്ദർശനത്തെ പരിഹസിച്ച ഹിമന്ദ രാഹുൽ ഗാന്ധി സംസ്ഥാനത്ത് 'അദൃശ്യ'നാണെന്നും പരിഹസിച്ചു.
വിസിറ്റിംഗ് പ്രൊഫസറെപ്പോലെയാണ് രാഹുൽ സംസ്ഥാനത്ത് എത്തുന്നത്. ഹിമാചൽ പ്രദേശിൽ പ്രചാരണം പോലും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് അദ്ദേഹം പോകുന്നത്. കാരണം അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നു. പണം നൽകിയാണ് ബോളിവുഡ് താരങ്ങളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതെന്നും ഹിമന്ദ ആരോപിച്ചു. ഗുജറാത്തിൽ പാർട്ടി അധികാരം നിലനിർത്തുമെന്നും രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നതെന്നും ഹിമന്ദ പറഞ്ഞിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച മധ്യപ്രദേശിൽ പ്രവേശിച്ചു. രണ്ട് മാസത്തിലേറെയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിവന്നിരുന്ന യാത്രയാണ് ഹിന്ദി ഹൃദയഭൂമിയിലേക്ക് കടന്നിരിക്കുന്നത്.