അസം റൈഫിൾസ് സൈനികൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതെന്ന കാര്യം ഏറെ പ്രസക്തമാണ്
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ബോംബ് സ്‌ഫോടനമുണ്ടായതിനെ തുടർന്ന് അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
സാംഗോംസാങ് വാട്ടർ സപ്ലൈ വർക്കിന്റെ റിസർവോയറിന് സമീപം ജവാൻമാർ പെട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്ന് പോലീസ് സൂപ്രണ്ട് എച്ച് ജോഗേഷ്ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും തീവ്രവാദ സംഘടനയോ ഏതെങ്കിലും വിരുദ്ധ ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിൽ 50 ദിവസത്തിനിടെ നാല് സ്‌ഫോടനങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷം നവംബർ 18, ഡിസംബർ 15, 29 തീയതികളിൽ നടന്ന മൂന്ന് സ്‌ഫോടനങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വൻ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ചുരാന്ദ്പൂർ ജില്ലയിൽ നവംബർ 13 ന് അസം റൈഫിൾസിലെ കേണലും ഭാര്യയും മകനും പാരാ മിലിട്ടറി സേനയിലെ നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതെന്ന കാര്യം ഏറെ പ്രസക്തമാണ്.