'എന്തുവന്നാലും 150 സീറ്റെങ്കിലും നേടണം'; കർണാടകയിൽ വൻ ഭൂരിപക്ഷം ലക്ഷ്യമിട്ട് കോൺഗ്രസ്

കർണാടകയിലെ ബിജെപി സർക്കാരിന് വിശ്വാസ്യതയില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരല്ലെന്നും പണവും കൃത്രിമത്വവും ഉപയോഗിച്ച് അധികാരത്തിലെത്തിയ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-04-02 06:54 GMT
Advertising

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റെങ്കിലും നേടണമെന്ന് കർണാടക കോൺഗ്രസ് നേതൃത്വത്തോട് രാഹുൽ ഗാന്ധി. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ട് കാര്യമില്ല. വൻ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുതിർന്ന നേതാക്കളുടെ യോഗത്തിൽ രാഹുൽ പറഞ്ഞു.



2018ൽ നടന്ന തെരഞ്ഞെടുപ്പിൽ 80 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 104 സീറ്റുകൾ നേടിയ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 38.04% വോട്ട് നേടിയ കോൺഗ്രസിനായിരുന്നു ഏറ്റവും ഉയർന്ന വോട്ടുവിഹിതം. എന്നാൽ അത് വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. ജെഡിഎസുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരിച്ചെങ്കിലും 2019ൽ 17 ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെ ബിജെപി അധികാരത്തിലെത്തുകയായിരുന്നു.

ഡി.കെ ശിവകുമാർ പിസിസി അധ്യക്ഷനായതോടെ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായ നിലയിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലുമെല്ലാം കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്.

കർണാടകയിലെ ബിജെപി സർക്കാരിന് വിശ്വാസ്യതയില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരല്ലെന്നും പണവും കൃത്രിമത്വവും ഉപയോഗിച്ച് അധികാരത്തിലെത്തിയ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തകർ ആരൊക്കെയാണെന്ന് നേതാക്കൾ അറിഞ്ഞിരിക്കണമെന്നും രാഹുൽ പറഞ്ഞു. മികച്ച പ്രവർത്തനം നടത്തുന്നവർക്കുള്ള അംഗീകാരമായാണ് സ്ഥാനാർഥിത്വം നൽകേണ്ടത്. കഠിനാധ്വാനവും യോഗ്യതയുമാണ് കോൺഗ്രസിൽ ഒരാളുടെ ഉയർച്ചക്ക് മാനദണ്ഡമാവേണ്ടതെന്നും നേതാക്കളോട് രാഹുൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News