'ഒറ്റക്ക് തന്നെ മത്സരിക്കും, സർക്കാറുണ്ടാക്കും': എഐഎഡിഎംകെ സഖ്യമെന്ന വാർത്തകൾ തള്ളി ടിവികെ

വിജയ്‌യുടെ പാർട്ടിയെ വിമർശിക്കരുതെന്ന നിർദേശമായിരുന്നു താഴെതട്ടിലുള്ള നേതാക്കൾക്ക് വരെ എഐഎഡിഎംകെ നൽകിയിരുന്നത്‌

Update: 2024-11-18 10:14 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).

പാർട്ടിയുടെ ആദ്യ പൊതുയോഗത്തില്‍ തന്റെ രാഷ്ട്രീയ എതിരാളിയായി ഭരണകക്ഷിയായ ഡിഎംകെയേയും പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയേയുമാണ് പ്രഖ്യാപിച്ചത്. എഐഎഡിഎംകെയുക്കുറിച്ച് വിമര്‍ശനമൊന്നും നടത്തിയിരുന്നില്ല. ഇതോടെയാണ് ടിവികെ- എഐഎഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ അപ്പാടെ തള്ളിയിരിക്കുകയാണ് ടിവികെ. 

ടിവികെയുടെ ഉയർച്ചയെ തടയുക എന്ന ഉദ്ദേശ്യത്തോടെ, ഒരു പ്രമുഖ തമിഴ് ദിനപത്രമാണ് സഖ്യം സംബന്ധിച്ച അടിസ്ഥാന രഹിതമായ വാര്‍ത്ത പടച്ചുവിട്ടതെന്ന് ടിവികെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു. വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുകയാണെന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

'' തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയ പാത, തമിഴ് ജനതയ്ക്ക് വേണ്ടിയുള്ളതാണ്. പാർട്ടി നേതാവ് നിർദ്ദേശിക്കുന്ന പ്രത്യയശാസ്ത്രം പിന്തുടരുക, ജനപിന്തുണയിലൂടെ വൻ വിജയം നേടുക, ജനങ്ങൾക്കായി ഒരു നല്ല സർക്കാർ രൂപീകരിക്കുക''- എന്നിവയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ടിവികെ ജനറൽ സെക്രട്ടറി പറഞ്ഞു.

അതേസമയം വിജയ്‌യുടെ പാര്‍ട്ടിയെ വിമര്‍ശിക്കാത്ത നിലപാടായിരുന്നു എഐഎഡിഎംകെ സ്വീകരിച്ചിരുന്നത്. ഇതും സഖ്യസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. വിജയ്‌യെ വിമര്‍ശിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്ക് എഐഎഡിഎംകെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിഎംകെ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ ടിവികെയെ വിമര്‍ശിച്ചിരുന്നു. 

വില്ലുപുരം ജില്ലയിൽ ഒക്‌ടോബർ 27നാണ്, തമിഴക വെട്രി കഴകത്തിന്റെ പൊതുസമ്മേളനം അരങ്ങേറിയത്. സമത്വം, സാമൂഹിക നീതി, മതേതരത്വം എന്നിവയാണ് വിജയ് ഉയര്‍ത്തിക്കാണിച്ചത്. ദ്രാവിഡ ആദർശങ്ങളെ തമിഴ് ദേശീയതയുമായി കൂട്ടിയിണക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രവും ലക്ഷ്യങ്ങളും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. അതേസമയം, ധര്‍മപുരി ജില്ലയില്‍ നിന്നാണ് വിജയ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന് ടിവികെ ധര്‍മപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് വീണ്ടും സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങളും പരന്നു. ഡിഎംകെയെ പുറത്താക്കാൻ പ്രതിജ്ഞാബദ്ധമായ ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണിക്കുമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ പരാമര്‍ശമാണ് ഇങ്ങനെയൊരു വാര്‍ത്തക്ക് കാരണം. സംസ്ഥാന രാഷ്ടീയത്തില്‍ വാര്‍ത്ത സജീവമായതോടെ ഇതില്‍ വ്യക്തത വരുത്തി പളനിസ്വാമി തന്നെ രംഗത്ത് എത്തി. 2023 സെപ്റ്റംബറിൽ ബന്ധം വിച്ഛേദിച്ച ബിജെപിയുമായി ഇനിയൊരു സഖ്യമില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News