'രാത്രി ഒറ്റക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി കൂട്ടുകൂടരുത്'; വനിതാ ഡോക്ടർമാർക്ക് 'ഉപദേശവുമായി' അസമിലെ മെഡിക്കൽ കോളജ്
വനിതകളോട് മുറികളിൽ തങ്ങാൻ പറയുന്നതിന് പകരം കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്ന് വിദ്യാര്‍ഥികള്‍
ഗുവാഹത്തി: കൊൽക്കത്തയിൽ വനിതാ പിജി ഡോക്ടറെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പ്രതിഷേധച്ചൂടിലാണ് രാജ്യം. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരവും പ്രതിഷേധവും നടന്നുവരികയാണ്. ഇതിനിടയിൽ വനിതാ ഡോക്ടർമാർക്കായി അസമിലെ മെഡിക്കൽ കോളേജ് പുറത്തിറക്കിയ പുതിയ സർക്കുലർ വിവാദത്തിലായി.
രാത്രിയിൽ ആളൊഴിഞ്ഞ, മങ്ങിയ വെളിച്ചമുള്ള, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് വനിതാ ഡോക്ടർമാരോടും വിദ്യാർഥികളോടും ജീവനക്കാരോടും അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ നിർദേശിച്ചിരിക്കുന്നത്.
'വനിതാ ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും കഴിയുന്നിടത്തോളം, അവർ ഒറ്റക്ക് പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രാത്രിയിൽ ഹോസ്റ്റലുകളിൽ നിന്നോ താമസ മുറികളിൽ നിന്നോ അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക,' . ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ഡോ. ഭാസ്‌കർ ഗുപ്ത ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
വനിതാ ഡോക്ടർമാരും വിദ്യാർഥികളും അപരിചിതരുമായോ സംശയാസ്പദമായ സ്വഭാവമുള്ളവരുമായോ കൂട്ടുകൂടുന്നത് ഒഴിവാക്കണമെന്നും സർക്കുലറിലുണ്ട്. രാത്രി വൈകിയോ അസമയങ്ങളിലോ കാമ്പസിന് പുറത്തേക്ക് ഇറങ്ങരുതെന്നും നിർദേശമുണ്ട്.
'ഡ്യൂട്ടിയിലായിരിക്കുമ്പോൾ, നിങ്ങൾ മാനസികമായി ശാന്തത പാലിക്കണം, ജാഗ്രത പാലിക്കണം, നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം, കൂടാതെ ആളുകളുമായി മാന്യമായി ഇടപഴകണം, അനാവശ്യ ശ്രദ്ധയ്ക്ക് നിങ്ങൾ ഇരയാകരുത്'.. സർക്കുലറിൽ പറയുന്നു. ഏതെങ്കിലും പ്രശ്നമോ പരാതിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ ആഭ്യന്തര പരാതി കമ്മിറ്റി, റാഗിംഗ് വിരുദ്ധ സമിതി എന്നിവയുടെ അംഗങ്ങളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം,സർക്കുലർ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും വനിതകളോട് മുറികളിൽ തങ്ങാൻ പറയുന്നതിന് പകരം കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ മെച്ചപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും സർക്കുലറിനെ അപലപിച്ചു. ആശുപത്രിയിൽ ശരിയായ വെളിച്ചം, മെച്ചപ്പെട്ട സുരക്ഷാ നടപടികൾ, പ്രത്യേക ശുചിമുറി സൗകര്യങ്ങൾ, ഡോക്ടർമാരുടെ മുറികൾക്ക് പുറത്ത് സുരക്ഷ എന്നിവ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.