ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിലേക്ക്; യാത്രയുടെ രണ്ടാംഘട്ടം ആലോചനയിൽ
പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോകാത്തതിലുള്ള അതൃപ്തി നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോഡോ യാത്രയുടെ രണ്ടാംഘട്ടം കോൺഗ്രസ് ആലോചിക്കുന്നത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിലേക്ക് കടക്കുമ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ നീക്കങ്ങളുമായി കോൺഗ്രസ്. പരമാവധി ആളുകളെ എത്തിക്കാനുള്ള നിർദേശം സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകി. ജോഡോ യാത്രയുടെ രണ്ടാംഘട്ടം അടുത്ത വർഷം ആരംഭിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന് നൽകിയിരിക്കുന്ന ഊർജം ചെറുതല്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണം യാത്രയ്ക്ക് ലഭിച്ചു. എന്നാൽ ഉത്തരേന്ത്യയിൽ സമാനമായ സ്വീകാര്യത ലഭിക്കുമോ എന്നൊരു സംശയം ഹൈക്കമാൻഡിന് ഉണ്ട്. രാഷ്ട്രീയ സാഹചര്യം, അതിശൈത്യം എന്നിവ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പരമാവധി ആളുകളെ എത്തിക്കാനുള്ള നിർദേശം സംസ്ഥാന നേതൃത്വങ്ങൾക്ക് നൽകി.
പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോകാത്തതിലുള്ള അതൃപ്തി നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോഡോ യാത്രയുടെ രണ്ടാംഘട്ടം കോൺഗ്രസ് ആലോചിക്കുന്നത്. ഫെബ്രുവരിയിൽ ചേരുന്ന പ്ലീനറി സമ്മേളനത്തിൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായും. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് യാത്ര നടത്താനാണ് നീക്കം. 2023 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ട്, രാജസ്ഥാൻ, മധ്യപ്രദേശ് സംസാനങ്ങളിൽ കൂടി കടന്നുപോകുന്ന രീതിയിലാകും ക്രമീകരണങ്ങൾ ഒരുക്കുക.