നിതീഷ് കുമാർ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വേദി പങ്കിടും
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രിയുടെ ബിഹാർ സന്ദർശനം ഗുണം ചെയ്യുമെന്നാണ് എൻഡിഎ പ്രതിക്ഷിക്കുന്നത്
ന്യൂഡൽഹി: നിതീഷ് കുമാർ എൻഡിഎയിൽ തിരിച്ചെത്തിയതിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വേദി പങ്കിടും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിൽ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രിയുടെ ബിഹാർ സന്ദർശനം ഗുണം ചെയ്യുമെന്നാണ് എൻഡിഎ പ്രതിക്ഷിക്കുന്നത്.
21,400 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് പ്രധാന മന്ത്രി ഇന്ന് ബിഹാറിന് സമർപ്പിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ഔറംഗബാദിൽ എത്തുന്ന പ്രധാന മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാർ വേദി പങ്കിടും.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കിയ ബിഹാറിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് പ്രധാന മന്ത്രിയുടെ സന്ദർശനം വേദിയാകും. 40 ലോക്സഭാ സീറ്റുകൾ ഉള്ള സംസ്ഥാനത്ത് ആധികാരിക വിജയം നേടാൻ പ്രധാന മന്ത്രിയുടെ സന്ദർശനം എൻഡിഎയെ സഹായിക്കും എന്നാണ് പ്രതീക്ഷ.
ഇതിനോടകം ആർജെഡി വിട്ട് നിരവധി പേര് ബിജെപിയിലും ജെഡിയുവിലും ചേർന്നിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ കൂടുതൽ പേരെ എൻഡിഎയോട് അടുപ്പിക്കാൻ പ്രധാന മന്ത്രിയുടെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.