ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടി സുപ്രിംകോടതി റദ്ദാക്കി
ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും.
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. കുറ്റകൃത്യം നടന്ന സ്ഥലവും തടവിൽ കഴിഞ്ഞ സ്ഥലവും പ്രധാനമല്ല. വിചാരണ നടന്ന സ്ഥലമാണ് പ്രധാനം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ വിചാരണ നടന്ന മഹാരാഷ്ട്രയിലായിരുന്നു. ഇതുകൊണ്ടാണ് പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധി. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി ഭീകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് വിചാരണവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണമെന്താണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.
ബിൽക്കിസ് ബാനു, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് പ്രതികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിലാണ് നിന്ദ്യമായ ക്രൂരകൃത്യം ചെയ്ത 11 പ്രതികളെ നല്ലനടപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.