അയോധ്യയിലെ രാം ലല്ലയുടെ ചിത്രം വെച്ച് ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന
ബി.ജെ.പിക്ക് വോട്ട് നൽകൂ മാറ്റം ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ പ്രകാശ് ജാവഡേക്കറാണ് ചിത്രം പങ്കുവെച്ചത്
ന്യൂഡല്‍ഹി: അയോധ്യയിലെ രാം ലല്ലയുടെ ചിത്രം വെച്ച് ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറാണ് സാമൂഹിക മാധ്യമത്തിലൂടെ വോട്ട് അഭ്യർത്ഥന നടത്തുന്നത്.
ബി.ജെ.പിക്ക് ഒരു വോട്ട് നൽകൂ മാറ്റം ഉണ്ടാകുമെന്ന് പ്രഖ്യാപനത്തോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. മതചിഹ്നങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദേശം ലംഘിച്ചാണ് പോസ്റ്റ്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 102 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 39 സീറ്റുകളുളള തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശ് , ബംഗാൾ , ബീഹാർ എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പ് ഉണ്ട്. നക്സൽ വേട്ട നടന്ന ഛത്തീസ്‌ഗഡിലെ ബസ്തറിൽ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.