കർണാടകയിൽ ബി.ജെ.പിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു: കോണ്‍ഗ്രസ്

'നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും'

Update: 2023-04-14 03:21 GMT
Advertising

ബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ചുമതയുള്ള രണ്‍ദീപ് സുര്‍ജേവാല. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും. കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ അവശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും സുർജേവാല പറഞ്ഞു.

"ബി.ജെ.പി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അവർ വളരെ വൈകിയാണ് അവരുടെ പട്ടിക പുറത്തുവിട്ടത്. ബി.ജെ.പിയുടെ അവഹേളനത്തിന് ശേഷം കർണാടകയിൽ നിരവധി നേതാക്കള്‍ കോൺഗ്രസിലെത്തി"- സുര്‍ജേവാല പറഞ്ഞു.

ബി.ജെ.പിയില്‍ സിറ്റിങ് എം.എൽ.എമാർ അപമാനിക്കപ്പെട്ടു. സര്‍ക്കാരിലെ 40 ശതമാനം പേര്‍ ഇപ്പോള്‍ വിമതരാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 20ലധികം സീറ്റുകളില്‍ മത്സരിക്കുന്നത് നേതാക്കളുടെ കുടുംബാംഗങ്ങളാണ്. അവരുടെ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി രാജിവെച്ചതും സുര്‍ജേവാല ചൂണ്ടിക്കാട്ടി.

"മറ്റ് പാർട്ടികളിൽ നിന്ന് വരുന്നവര്‍ക്ക് ഞങ്ങള്‍ ഇടം നൽകും. എന്നാൽ ഞങ്ങളുടെ പ്രവർത്തകർക്കാണ് മുൻഗണന. അവർ കോണ്‍ഗ്രസിനായി കഠിനാധ്വാനം ചെയ്യുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു"- സുര്‍ജേവാല പറഞ്ഞു.

കർണാടക സംസ്‌കാരത്തെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സുര്‍ജേവാല വിമര്‍ശിച്ചു- "ബി.ജെ.പി കർണാടക എന്ന ബ്രാൻഡിന്റെ പ്രതിച്ഛായ തകർത്തു. ചിലപ്പോൾ സി.ആര്‍.പി.എഫ് പരീക്ഷയിൽ കന്നഡ ഭാഷ കാണാതെ പോകും. ഈയിടെ അവർ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാൻ നിയമം പാസാക്കി. കർണാടകയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഞങ്ങളുടെ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കും". കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണൽ മെയ് 13നാണ്.

Summary- Congress leader Randeep Surjewala said that BJP has lost control in the state of Karnataka and they will face the brunt of the public in the upcoming elections

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News