ബി.ജെ.പിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല; അപൂര്‍ണമായ ക്ഷേത്രം തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തുവെന്ന് സ്റ്റാലിന്‍
കഴിഞ്ഞ 10 വർഷമായി ബി.ജെ.പി നേതൃത്വം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല
ചെന്നൈ: ബി.ജെ.പിയെ കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദശാബ്ദക്കാലത്തെ ഭരണത്തിൽ ബി.ജെ.പിക്ക് അഭിമാനിക്കാൻ തക്ക നേട്ടമൊന്നുമില്ലെന്നും അയോധ്യയിലെ അപൂര്‍ണമായ ക്ഷേത്രം തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.ഇത്തരം 'തെറ്റിദ്ധരിപ്പിക്കുന്ന' തന്ത്രങ്ങളിൽ ആളുകൾ വീഴില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഡി.എം.കെ ട്രഷററും പാർട്ടി എംപിയുമായ ടിആർ ബാലു എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷമായി ബി.ജെ.പി നേതൃത്വം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഒന്നും ചെയ്തില്ലെന്നും സംസ്ഥാനത്തിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ചില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ''ഒരു ക്ഷേത്രം കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് കാവി പാർട്ടി ശ്രമിക്കുന്നത് .ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബി.ജെ.പിയുടെ നേട്ടങ്ങളായി ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ ഒന്നുമില്ല.അതുകൊണ്ടാണ് അവർ തിടുക്കത്തിൽ അപൂർണമായ ഒരു ക്ഷേത്രം തുറന്ന് തങ്ങൾ എന്തെങ്കിലും നേടിയെന്ന് കാണിക്കാൻ ശ്രമിക്കുന്നത്.ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രങ്ങൾക്ക് ജനങ്ങൾ തക്ക പാഠം നൽകും. അതുറപ്പാണ്'' സ്റ്റാലിന്‍ പറഞ്ഞു.
അതാത് സംസ്ഥാനങ്ങളിൽ സീറ്റ് വിഭജന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്‍ഡ്യ മുന്നണി അംഗങ്ങളെ പരാമർശിച്ച് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന തമിഴ്നാടിനെയും പരിഗണിക്കുന്ന ഒരു കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിനാണ് തങ്ങൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.