ഡി.എം.കെയെ പിടിച്ചുലച്ച് ഓഡിയോ വിവാദം; ആ ശബ്ദം തന്‍റേതല്ലെന്ന് ധനമന്ത്രി
ഡി.എം.കെ ഉള്ളില്‍ നിന്ന് തകരുന്നത് കേള്‍ക്കൂ എന്നുപറഞ്ഞാണ് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ ഓഡിയോ ക്ലിപ്പ് പങ്കുവെച്ചത്
ചെന്നൈ: ഡി.എം.കെയെ പിടിച്ചുലച്ച് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍റേതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ പുറത്ത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധിയും മകളുടെ ഭര്‍ത്താവ് ശബരീശനും നിയമവിരുദ്ധമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. എന്നാല്‍ ആ ശബ്ദം തന്‍റേതല്ലെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമാണ് പളനിവേലിന്‍റെ അവകാശവാദം.
ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ, പളനിവേലിന്‍റേതെന്ന പേരില്‍ മറ്റൊരു ഓഡിയോ ഇന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഡി.എം.കെ ഉള്ളില്‍ നിന്ന് തകരുന്നത് കേള്‍ക്കൂ എന്നുപറഞ്ഞാണ് അണ്ണാമലൈ ഓഡിയോ ക്ലിപ്പ് പങ്കുവെച്ചത്. ഡി.എം.കെയും ബി.ജെ.പിയും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയതിനു തമിഴ്നാട് ധനമന്ത്രിക്ക് നന്ദിയെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു. ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കുന്നത് ഇതാണ്-
"ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു മുതൽ ഒരാള്‍ക്ക് ഒരു പദവി എന്ന ആശയത്തിന്‍റെ വക്താവായിരുന്നു. ബി.ജെ.പിയിൽ എനിക്കിഷ്ടമുള്ളത് ഇതാണ്. ആരാണ് പാർട്ടിയെ സംരക്ഷിക്കുകയെന്നും ജനങ്ങളെ സേവിക്കുകയെന്നും വേര്‍തിരിവ് വേണ്ടേ? പാര്‍ട്ടിയില്‍ ഉത്തരവാദിത്തങ്ങളുടെയും അധികാരങ്ങളുടെയും വേർതിരിവ് ഇല്ല. മുഖ്യമന്ത്രിയും മകനും മരുമകനുമുള്ള പാർട്ടി... ഇതൊരു സുസ്ഥിര മാതൃകയല്ലെന്ന് എട്ട് മാസം നിരീക്ഷിച്ച ശേഷം ഞാന്‍ നിഗമനത്തിലെത്തി".
എന്നാല്‍ ഈ ഓഡിയോ ധനമന്ത്രി പളനിവേലിന്‍റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോയില്‍ ചില കട്ടുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്. ഇത് നെറികെട്ട രാഷ്ട്രീയക്കളിയാണെന്ന് പളനിവേല്‍ പ്രതികരിച്ചു. മാധ്യമങ്ങൾ അത്തരം കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ഓഡിയോ സംബന്ധിച്ച് സ്വതന്ത്ര ഫോറന്‍സിക് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ കണ്ടു.