ഹരിയാനയിൽ ബിജെപി നേതാവിനെ ഓടിച്ച് കടയിൽ കയറ്റി വെടിവച്ച് കൊന്നു; അയൽവാസി അറസ്റ്റിൽ
'എന്നെ കൊല്ലുന്നേ' എന്ന് ജവഹർ നിലവിളിച്ചെങ്കിലും മറ്റാരെങ്കിലും വന്ന് രക്ഷിക്കുംമുമ്പ് പ്രതി വെടിവച്ചു.
ചണ്ഡീഗഢ്: ഹരിയാനയിൽ ബിജെപി നേതാവിനെ ഓടിച്ച് കടയിൽ കയറ്റിയ ശേഷം വെടിവച്ച് കൊന്ന് അയൽവാസി. സോനിപ്പത്ത് ജില്ലയിലെ മുന്ദ്ലാന മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തിന്റെ പേരിൽ അയൽവാസിയായ മോനുവാണ് ജവഹറെ കൊലപ്പെടുത്തിയത്. ജവഹറിന്റെ തലയ്ക്കാണ് വെടിയേറ്റത്.
ജവഹ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. അക്രമിയെ പേടിച്ച് ബിജെപി നേതാവ് ഒരു കടയിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ കയറിയ പ്രതി ജവഹറിന്റെ കഴുത്തിൽ പിടിച്ചുവച്ച് തലയിൽ മൂന്നൂ തവണ വെടിയുതിർക്കുകയായിരുന്നു. 'എന്നെ കൊല്ലുന്നേ' എന്ന് ജവഹർ നിലവിളിച്ചെങ്കിലും മറ്റാരെങ്കിലും വന്ന് രക്ഷിക്കുംമുമ്പ് പ്രതി വെടിവച്ചു.
തുടർന്ന് സ്ഥലംവിട്ട മോനുവിനെ ശനിയാഴ്ച രാവിലെ പൊലീസ് പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ ബിജെപി നേതാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
മോനുവിന്റെ അമ്മാവനിൽനിന്നും ജവഹർ ഭൂമി വാങ്ങിയിരുന്നു. പിന്നാലെ മോനുവും ജവഹറും തമ്മിൽ തർക്കം ഉടലെടുത്തു. ഭൂമിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് മോനു ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനായി ഭൂമിയിലെത്തിയ ജവഹറെ കണ്ട് കലിപൂണ്ട മോനു ആക്രമിക്കാനോടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
'ഇന്നലെ, ജവഹ്‌റ ഗ്രാമത്തിൽ ഒരു വെടിവയ്പ്പ് നടന്നതായും സുരേന്ദ്ര ജവഹർ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഞങ്ങൾക്ക് വിവരം ലഭിച്ചു. കൊല്ലപ്പെട്ടയാൾ പ്രതിയുടെ അമ്മാവനിൽ നിന്നും അമ്മായിയിൽ നിന്നും ഭൂമി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതാണ് കൊലപാതകത്തിൽ കലാശിച്ചത്'- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജെപി നേതാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം, പഞ്ചാബിൽ ഒരു ശിവസേന നേതാവും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മോഗയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മംഗത് റായ് മംഗ എന്നയാളാണ് കൊല്ലപ്പെട്ടത്. ജില്ലാ പ്രസിഡന്റായ മംഗയെ ബൈക്കിലെത്തിയ മൂന്ന് പേർ വെടിവച്ചു കൊല്ലുകയായിരുന്നു. ആദ്യ വെടി മംഗയുടെ 12 വയസുകാരനായ മകന്റെ ശരീരത്തിലാണ് കൊണ്ടത്.
ഇതോടെ മംഗ മകനെയും കൊണ്ട് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മംഗയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.