ബി.ജെ.പി നേതാവ് വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍
പ്രധാനപ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു
മണിപ്പൂർ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പാർട്ടി സംസ്ഥാന ഘടകം എക്സ്-സർവീസ്മെൻ സെൽ കൺവീനറായ ലൈഷ്റാം രമേഷ്വർ സിങ്ങാണ് (50) വെടിയേറ്റ് മരിച്ചത്. ക്ഷേത്രി ലെയ്‌കൈ ഏരിയയിലെ വീടിന് മുന്നിൽവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് തൗബൽ പൊലീസ് സൂപ്രണ്ട് ഹവോബിജം ജോഗേഷ് ചന്ദ്ര പറഞ്ഞു. സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി.
രജിസ്ട്രേഷൻ നമ്പരില്ലാത്ത കാറിൽ വന്ന രണ്ടുപേർ രാവിലെ 11 മണിയോടെ സിങ്ങിന് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നെഞ്ചിൽ വെടിയേറ്റ ലൈഷ്റാം രമേഷ്വർ സിങ്ങിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കാറോടിച്ച വനൗറെം റിക്കി പോയിന്റിംഗ് സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായി ജോഗേഷ് ചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ കെയ്നൗ സ്വദേശിയായ ഇയാളെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഹവോബാം മാരക് ഏരിയയിൽ വെച്ചാണ് പിടികൂടിയത്.
പ്രധാന പ്രതി 46 കാരനായ അയേക്പാം കെഷോർജിത്ത് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിക്ക് അഭയം നൽകുന്നവർക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. വോബാം മറാക്ക് സ്വദേശിയാണ് പ്രതി. ഇയാളുടെ പക്കൽ നിന്ന് 32 കാലിബർ ലൈസൻസുള്ള പിസ്റ്റൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തു. ഇയാളാണ് വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണത്തെ കുറിച്ച് പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
ഭീരുത്വം നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് ആവശ്യപ്പെട്ടു.