നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അതിഷി അറസ്റ്റിലായേക്കുമെന്ന് കെജ്‌രിവാൾ

ആം ആദ്മി പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടത്താൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു.

Update: 2024-12-25 09:57 GMT
Advertising

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടത്താൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തടസ്സപ്പെടുത്താനാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

അതിഷി സർക്കാരിന്റെ മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികൾക്ക് കേന്ദ്രം ചുവപ്പുകൊടി കാണിച്ചിരുന്നു. കഴിഞ്ഞ 10 വർഷമായി ഡൽഹിയിലെ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു. ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ അവർ ശ്രമിച്ചു. പക്ഷേ സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. എല്ലാ ഗൂഢാലോചനകളും പരാജയപ്പെട്ടപ്പോൾ അവർ ഉന്നത എഎപി നേതാക്കളെയും മന്ത്രിമാരെയും ജയിലിലടച്ചു. എന്നിട്ടും സർക്കാരിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കാണ് ബിജെപി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് എംപിമാരും ലഫ്റ്റനന്റ് ഗവർണറും ഡൽഹിയിൽ ബിജെപിക്കായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു റോഡോ ആശുപത്രിയോ സ്‌കൂളോ കോളജോ അവർ നിർമിച്ചിട്ടില്ല. ക്രമസമാധാന പാലനം മാത്രമാണ് ഡൽഹിയിലെ ജനങ്ങൾ അവർക്ക് നൽകിയ ചുമതല. അതും അവർ നശിപ്പിച്ചു. ജനങ്ങൾ ഭീതിയിലാണ് ജീവിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്നും വോട്ട് ചെയ്താൽ എന്താണ് ചെയ്യുകയെന്നും പറയാൻ അവർക്ക് കഴിയുന്നില്ല. തന്നെ അധിക്ഷേപിച്ച് വോട്ട് ചോദിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.

കള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്താലും സത്യം ജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന പറഞ്ഞു. തങ്ങൾ ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. കള്ളക്കേസെടുത്ത് തങ്ങളുടെ ഉന്നതെ നേതാക്കളെ മുഴുവൻ ജയിലിലടച്ചു. പക്ഷേ ഒടുവിൽ സത്യം പുറത്തുവരികയും അവർക്കെല്ലാം ജാമ്യം ലഭിക്കുകയും ചെയ്‌തെന്നും അതിഷി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News