ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്നെ അഴിക്കുള്ളിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: അരവിന്ദ് കെജ്‌രിവാൾ

മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടുവർഷം അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒരു തെളിവ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

Update: 2024-01-04 11:29 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കാൻ അതിന് മുമ്പ് തന്നെ അഴിക്കുള്ളിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ, രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപയുടെ പോലും ക്രമക്കേട് അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരുടെ പക്കൽ ആർക്കുമെതിരെ ഒരു തെളിവുമില്ലെന്നും ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

''എന്റെ അറസ്റ്റാണ് ഇപ്പോൾ ബി.ജെ.പിയുടെ ആവശ്യം. സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ ശക്തി. വ്യാജ കേസുകൾകൊണ്ടും സമൻസുകൾകൊണ്ടും എന്റെ പ്രതിച്ഛായ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ഇ.ഡി നേരത്തേ സമൻസ് അയക്കാതിരുന്നത്? എട്ട് മാസം മുമ്പ് സി.ബി.ഐ എനിക്ക് സമൻസ് അയച്ചിരുന്നു. അന്ന് നേരിട്ട് ഹാജരായി അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോൾ ഇ.ഡി എനിക്ക് സമൻസ് അയച്ചിരിക്കുകയാണ്. എന്നെ ചോദ്യം ചെയ്യുകയല്ല, അറസ്റ്റ് ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്ന് ഇതിൽനിന്ന് വ്യക്തമാണ്''- കെജ് രിവാൾ പറഞ്ഞു.

ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണന്നാണ് തന്റെ അഭിഭാഷകർ പറഞ്ഞത്. ഇക്കാര്യം താൻ വിശദമായി തന്നെ ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാദങ്ങൾക്ക് ഇ.ഡി മറുപടി നൽകിയില്ല. അവരുടെ പക്കൽ മറുപടിയില്ല എന്നാണ് അതിന്റെ അർഥം. നിയമപരമായ സമൻസ് അയച്ചാൽ സഹകരിക്കാൻ തയ്യാറാണെന്നും കെജ്‌രിവാൾ പറഞ്ഞു.

ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അയച്ച മൂന്നാമത്തെ സമൻസിനും കെജ്‌രിവാൾ ഹാജരായിരുന്നില്ല. കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലും അയച്ച സമൻസുകളും കെജ്‌രിവാൾ അവഗണിച്ചിരുന്നു. ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ആവശ്യമെങ്കിൽ കൈവശമുള്ള രേഖകൾ നൽകാമെന്നും കെജ്‌രിവാൾ ഇ.ഡിയെ അറിയിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News