'മണ്ണിൽ രക്തം വീണിരിക്കുന്നു'; അസം കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ച് ഗുവാഹത്തി ഹൈക്കോടതി
തങ്ങൾ ഇവിടെയാണ് ജീവിക്കുന്നതെന്നും നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായി അറിയാമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു
ഗുവാഹത്തി: അസമിലെ ധോൽപൂരിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അസം സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരവും ദുരന്തവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂന്നാഴ്ചക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
'ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. ഇത് ദുരന്തമാണ്. സർക്കാറിൽ നിന്ന് ഞങ്ങൾ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുന്നു. മൂന്ന് ജീവനുകൾ നഷ്ടമായ പ്രശ്‌നമാണിത്. മണ്ണിൽ രക്തം വീണിരിക്കുന്നു. ഹർജി സമർപ്പിച്ചത് ഒരു രാഷ്ട്രീയക്കാരനാണ് എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ അതിൽ ഞങ്ങൾക്കൊന്നും പറയാനില്ല' - കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സിജെ ധുലിയ പറഞ്ഞു. ജസ്റ്റിസ് ധുലിയയ്ക്ക് പുറമേ, ജസ്റ്റിസ് സൗമിത്ര സൈകിയയും ബഞ്ചിലുണ്ടായിരുന്നു.
അസം പ്രതിപക്ഷ നേതാവ് ദെബാബത്ര സൈകിയയാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ധോൽപൂരിൽ നടക്കുന്നത് നിർബന്ധിത കുടിയൊഴിപ്പിക്കലാണെന്നും അത് നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നുമാണ് ദെബാബത്ര ആവശ്യപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൃതദേഹത്തിന് മുകളിൽ ചാടുന്ന ഫോട്ടോഗ്രാഫർ ബിജോയ് ബോനിയയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്.
മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ്ങാണ് ഹർജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് നിർബന്ധിത സാമൂഹിക പ്രത്യാഘാത പഠനം നടത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണ് നിലവിലെ കുടിയൊഴിപ്പിക്കൽ എന്നും അദ്ദേഹം വാദിച്ചു.
ഒഴിപ്പിക്കലിൽ പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായതായി സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദിച്ചു. 125 കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. അതിനിടെയാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. അതാണ് അക്രമസംഭവങ്ങളിലേക്ക് നയിച്ചത്. ഇരുപതിനായിരം പേരെങ്കിലും പൊലീസിനെ നേരിടാനായി എത്തിയിരുന്നു. ഇവരിൽ ഭൂരിപക്ഷവും പുറത്തുനിന്ന് എത്തിയവരായിരുന്നു- അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ രാഷ്ട്രീയയുദ്ധം നടത്താനാണ് പ്രതിപക്ഷത്തിന് താത്പര്യമെന്ന അഡ്വക്കറ്റ് ജനറലിന്റെ വാദത്തോടാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. സംഭവം ദൗർഭാഗ്യകരമായെന്നും ദുരന്തമായെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. തങ്ങൾ ഇവിടെയാണ് ജീവിക്കുന്നതെന്നും നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായി അറിയാമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.