'വെള്ളിയാഴ്ച കല്ലെറിഞ്ഞാൽ ശനിയാഴ്ച ബുൾഡോസർ ഉരുളും'; ഭീഷണിയുമായി സാക്ഷി മഹാരാജ്
പ്രയാഗ് രാജിൽ കഴിഞ്ഞ ദിവസം വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് നഗരഭരണകൂടം ഇടിച്ചുനിരത്തിയിരുന്നു.
ലഖ്‌നൗ: ബിജെപി മുന്‍ വക്താവ് നുപൂർ ശർമ്മയുടെ പ്രവാചക നിന്ദാ വിവാദത്തിനിടെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ഭീഷണിയുമായി ബിജെപി എം.പി സാക്ഷി മഹാരാജ്. വെള്ളിയാഴ്ച കല്ലെറിഞ്ഞാൽ ശനിയാഴ്ച ബുൾഡോസർ ഉരുളുമെന്നാണ് സാക്ഷിയുടെ ഭീഷണി.
'വെള്ളിയാഴ്ച യുപിയിൽ കല്ലേറു നടന്നാൽ ശനിയാഴ്ച തീർച്ചയായും ബുൾഡോസർ ഉരുണ്ടിരിക്കും. യോഗിയല്ലായിരുന്നു യുപിയിൽ അധികാരത്തിലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യുപി സർക്കാറിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സാക്ഷി മഹാരാജിന്‍റെ ന്യായീകരണം.
കഴിഞ്ഞ ദിവസം, ബിജെപി എംഎൽഎയും യോഗി ആദിത്യനാഥിന്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ശലഭ്മണി ത്രിപാഠിയും സർക്കാർ നടപടിയെ ന്യായീകരിച്ചിരുന്നു. കലാപകാരികൾക്ക് തിരിച്ചുള്ള സമ്മാനം എന്നാണ് അദ്ദേഹം ബുൾഡോസർ നടപടിയെ വിശേഷിപ്പിച്ചിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ പൊലീസ് ചോദ്യം ചെയ്യുന്നതിന്റെയും മർദിക്കുന്നതിന്റെയും വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. ഒമ്പത് പ്രതിഷേധക്കാരെ രണ്ട് പൊലീസുകാർ നിഷ്ഠുരമായി മർദിക്കുന്നതാണ് വീഡിയോ.
പ്രയാഗ് രാജിൽ കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകനും വെല്‍ഫയര്‍ പാര്‍ട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് നഗരഭരണകൂടം ഇടിച്ചുനിരത്തിയിരുന്നു. ഏതാനും വീടുകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിലെ പ്രതിഷേധത്തിന്റെ സൂത്രധാരനാണ് ജാവേദ് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരോപണങ്ങൾ ജാവേദും കുടുംബവും തള്ളി. വർഷങ്ങളായി നികുതി അടച്ചു കൊണ്ടിരിക്കുന്ന, നിയമപരമായ വീടാണ് അധികൃതർ പൊളിച്ചു നീക്കിയത് എന്നാണ് കുടുംബം പറയുന്നത്.