തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി; ഫൈസാബാദ് എംപിയുടെ മകനെതിരെ കേസ്
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് എസ്പി എംപി ഇക്കാര്യം നിഷേധിച്ചു
അയോധ്യ: സമാജ്‌വാദി പാർട്ടിയുടെ ഫൈസാബാദ് എംപി അവധേഷ് പ്രസാദിൻ്റെ മകൻ അജിത് പ്രസാദിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആളെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതെന്നാരോപിച്ചാണ് കേസ്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് എസ്പി എംപി ഇക്കാര്യം നിഷേധിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിൽകിപൂർ നിയമസഭാ സീറ്റിലെ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയായി അജിത് മത്സരിച്ചേക്കും.
രവി തിവാരി എന്നയാൾ കോട്വാലി സിറ്റി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അജിത് ഉൾപ്പെടെ തിരിച്ചറിയാവുന്ന മൂന്ന് പേർക്കെതിരെയും 15 അജ്ഞാതർക്കെതിരെയുമാണ് കേസ്. തട്ടിക്കൊണ്ടുപോകൽ, മാരകായുധങ്ങളുമായി കലാപം നടത്തുക, വധഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഫൈസാബാദ് സിറ്റിയിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കമ്മീഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. അജിത് പ്രസാദും കൂട്ടാളികളും ചേർന്ന് തിവാരിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.