ഭാരത് ജോഡോ വീഡിയോയില്‍ കെജിഎഫ് 2വിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കോണ്‍ഗ്രസ് അനുവാദം വാങ്ങാതെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിംഗ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് എംആര്‍ടി മ്യൂസിക് പരാതിയില്‍ പറയുന്നു

Update: 2022-11-05 04:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേശ് എന്നിവര്‍ക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എംആര്‍ടി മ്യൂസിക് (MRT Music) പകര്‍പ്പവകാശ ലംഘനത്തിന് കേസ് കൊടുത്തു. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം കെജിഎഫ് 2 ഹിന്ദി പതിപ്പിലെ ഹിന്ദി ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ വന്‍ തുക മുടക്കിയതായി സംഗീത കമ്പനി പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസ് അനുവാദം വാങ്ങാതെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിംഗ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് എംആര്‍ടി മ്യൂസിക് പരാതിയില്‍ പറയുന്നു. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ, സെക്ഷന്‍ 403, 465, 120 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. IPC യുടെ 34 (പൊതു ഉദ്ദേശ്യം), 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്‍റെ സെക്ഷന്‍ 66, 1957-ലെ പകര്‍പ്പവകാശ നിയമത്തിന്‍റെ 63-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.

എംആര്‍ടി മ്യൂസിക്കിന്‍റെ ഉടമസ്ഥതയിലുള്ള പാട്ടിന്‍റെ പകര്‍പ്പവകാശം ലംഘിച്ചതിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മ്യൂസിക് പ്ലാറ്റ്ഫോമിന്‍റെ അഭിഭാഷകന്‍ നരസിംഹന്‍ സമ്പത്ത് പറഞ്ഞു. 'എംആര്‍ടി മ്യൂസിക്കിന്‍റെ ഉടമസ്ഥതയിലുള്ള പാട്ടിന്‍റെ പകര്‍പ്പവകാശം ലംഘിച്ച സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെ നിയമവിരുദ്ധമവും വഞ്ചനാപരവുമായ നടപടികളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പാട്ടുകള്‍ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് യോജിപ്പിച്ചുകൊണ്ട് ഐഎന്‍സി ഒരു വീഡിയോ നിര്‍മ്മിച്ചു. കെജിഎഫ് - 2 ഹിന്ദിയിലെ പാട്ടാണത്. വീഡിയോയില്‍ 'ഭാരത് ജോഡോ യാത്ര' എന്ന ലോഗോയും ഉപയോഗിച്ചിട്ടുണ്ട്, അത് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.'- സമ്പത്ത് പറഞ്ഞു.

'നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണിത്. സാധാരണക്കാരുടെയും ബിസിനസുകാരുടെയും അവകാശങ്ങള്‍ക്കു നേരെയുള്ള നഗ്‌നമായ അവകാശലംഘനത്തെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നത്.''- എംആര്‍ടി മ്യൂസിക്ക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ് കേസ് നല്‍കിയതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംആര്‍ടി മ്യൂസിക് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News