നിർമല സീതാരാമൻ ഒന്നാം പ്രതി, അവർ അധികാരം ദുരുപയോഗം ചെയ്തു; പരാതിക്കാരൻ ആദർശ് അയ്യർ

ഇലക്ടറൽ ബോണ്ട് വഴി നിർമലയും മറ്റുളളവരും പണം തട്ടിയെന്ന് കാണിച്ച് ജെഎസ്‌പി പ്രവർത്തകനായ ആദർശ് അയ്യറാണ് ആദ്യം കോടതിയെ സമീപിച്ചത്

Update: 2024-09-29 03:43 GMT
Advertising

കൊൽക്കത്ത: കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അധികാരം ദുരുപയോഗം ചെയ്തെന്ന് അവർക്കെതിരെ പരാതി നൽകിയ ആദർശ് അയ്യർ. ഇലക്ടറൽ ബോണ്ട് വഴി നിർമലയും മറ്റുളളവരും പണം തട്ടിയെന്ന് കാണിച്ച് ജനാധികർ സംഘർഷ് പരിഷത്ത് (ജെഎസ്‌പി) പ്രവർത്തകനായ ആദർശ് അയ്യറാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നൽകിയ നിർദേശത്തെ തുടർ‍ന്നാണ് നിർമലക്കെതിരെ കേസെടുത്തത്. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് നിർമലക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്. ഇതിന്റെ പശ്ചാതലത്തിൽ തിലക്‌നഗർ പൊലീസ് എഫ്ഐആർ തയാറാക്കിയിട്ടുണ്ട്.

നിർമലയ്ക്കുപുറമേ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ, കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ മറ്റു ബിജെപി ഭാരവാഹികൾ എന്നിവർക്ക് കേസിൽ പങ്കുണ്ടെന്നും അയ്യർ ആരോപിച്ചു. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം ഇലക്ടറൽ ബോണ്ടിന്റെ മറവിൽ വ്യാപക ക്രമക്കേട് നടന്നതായി രാജ്യത്തെ വിവിധ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അയ്യർ പറഞ്ഞു.

ഇഡി റെയ്ഡുകളുടെ മറവിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി ആയിരക്കണക്കിന് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ നിർബന്ധിച്ചെന്നാണ് പരാതി. ഈ ഇലക്ടറൽ ബോണ്ടുകൾ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിയതായും പരാതിയിൽ ആരോപണമുണ്ട്. കേസിൽ നിർമല സീതാരാമനാണ് ഒന്നാം പ്രതി. ഡൽഹിയിലെ ഇഡി ഉദ്യോ​ഗസ്ഥർ രണ്ടും ബിജെപിയുടെ ദേശീയ ഭാരവാഹികളായ ചിലർ മൂന്നും പ്രതികളാണ്. കർണാടക ബിജെപിയുടെ മുൻ അധ്യക്ഷൻ, നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര എന്നിവർ യഥാക്രമം നാലും അഞ്ചും പ്രതികളാണ്.

ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തതിനു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ രം​ഗത്തുവന്നു. നിർമലക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് ​ഗൗരവമുള്ളതാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധനമന്ത്രിയും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കാലങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഘോഷ് പറഞ്ഞു.

കേന്ദ്രമന്ത്രിക്കും മറ്റ് നേതാക്കൾക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടതിന് പിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഉയർന്നിരിക്കുന്ന ​ഗുരുതരമായ ആരോപണങ്ങൾക്കു പിന്നാലെ ഞങ്ങൾ പ്രതിഷേധിക്കാനൊരുങ്ങുമ്പോൾ നിർമലയെ സംരക്ഷിക്കാനുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ആരോപങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്നും ഇത് ബിജെപിക്കെതിരെയുളള രാഷ്ട്രീയ പകപോക്കലിന്റെ ഭാ​ഗമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News