മോദിക്കെതിരെയുള്ള പരാമര്‍ശം; സഞ്ജയ് റാവത്തിനെതിരെ കേസ്
യവത്മാൽ പൊലീസാണ് കേസെടുത്തത്
മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം എം.പി സഞ്ജയ് റാവത്തിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് കേസ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് വിജയിച്ചിരുന്നെങ്കിൽ പൊതു തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി പാകിസ്താന്‍റെ സഹായത്തോടെ ആക്രമണത്തിന് തുനിഞ്ഞേനെ എന്നായിരുന്നു പരാമർശം.
യവത്മാൽ പൊലീസാണ് കേസെടുത്തത്. 'സാമ്‌ന' എന്ന പത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് റാവത്ത്. ബി.ജെ.പി യവത്മാൽ കൺവീനർ നിതിൻ ഭൂതാഡയാണ് റാവത്തിനെതിരെ പരാതി നൽകിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ഡിസംബര്‍ 10ന് എഴുതിയ ലേഖനത്തിലാണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും റാവത്ത് പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് സംസ്ഥാനങ്ങളിലെ ബി..ജെപി നേതാക്കളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കേന്ദ്ര നേതാവാണ് തീരുമാനിക്കുന്നതെന്നും ശിവസേന നേതാവ് ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാന ലക്ഷ്യം കോൺഗ്രസിനെ പരാജയപ്പെടുത്തുകയല്ല, മറിച്ച് ചൗഹാനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ രാഷ്ട്രീയമായി അവസാനിപ്പിക്കുകയാണെന്ന് സഞ്ജയ് റാവത്ത് സാമ്നയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും അനുകൂലമായ രാഷ്ട്രീയം കളിച്ച ഗാന്ധി കുടുംബത്തിന് ചുറ്റുമുള്ള ആളുകൾ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപകടമുണ്ടാക്കുമെന്നും ലേഖനത്തില്‍ പറയുന്നു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ കോൺഗ്രസുകാരനായ കമൽനാഥിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിംഗ് മെഷീനുകളുടെ ആധികാരികതയെയും ചോദ്യം ചെയ്യുന്നു. മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയില്ലെന്നത് മിഥ്യയാണെന്ന് റാവത്ത് പറയുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് മുമ്പ് ബി.ജെ.പിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇത്തവണ ‘മോദി മാജിക്’ പ്രവർത്തിച്ചെങ്കിലും തെലങ്കാനയിൽ പരാജയപ്പെട്ടുവെന്നും'' ലേഖനത്തില്‍ പറയുന്നു.