'ജാതി സെൻസസ് നടപ്പാക്കണം'; പ്രവർത്തകസമിതിയിൽ പ്രമേയം പാസാക്കി കോൺഗ്രസ്‌

രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവയ്പ്പാണിതെന്നും രാഹുൽ ഗാന്ധി

Update: 2023-10-09 10:52 GMT
Advertising

ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകസമിതിയിൽ പ്രമേയം പാസാക്കി കോൺഗ്രസ്. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവയ്പ്പാണിതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"പ്രവർത്തകസമിതിയിൽ 4 മണിക്കൂറാണ് ജാതി സെൻസസിനെ കുറിച്ച് ചർച്ച ചെയ്തത്. സമിതി സെൻസസിനെ ഐക്യകണ്‌ഠേന പിന്തുണയ്ക്കുകയും ചെയ്തു. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവയ്പ്പാണിത്. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യമാണ് താനും.  അതിന് രാഷ്ട്രീയലക്ഷ്യമില്ല.

കോൺഗ്രസിന്റെ തീരുമാനത്തെ ഇൻഡ്യാ മുന്നണി പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാം. അവർക്കത് പങ്കു വയ്ക്കുകയും ചെയ്യാം. ഇത് ഫാസിസ്റ്റ് സഖ്യം അല്ല. പക്ഷേ അവരതിന് പൂർണ പിന്തുണ നൽകുമെന്ന് ആത്മവിശ്വാസമുണ്ട്.

രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ജാതി സെൻസസ് നടപ്പാക്കാൻ പ്രധാനമന്ത്രി അശക്തനാണ് എന്നു വേണം കരുതാൻ. ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. എന്നാൽ ഒബിസി വിഭാഗക്കാർക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണം. പ്രധാനമന്ത്രി ഒബിസി വിഭാഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയാണ്.

കോൺഗ്രസിന്റെ 4 മുഖ്യമന്ത്രിമാരിൽ 3 പേരും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ബിജെപിക്ക് 10 മുഖ്യമന്ത്രിമാരുണ്ട്. അതിൽ ഒബിസി ഒരാൾ മാത്രവും. ആ ഒരാളും കുറച്ചു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി അല്ലാതാകും". രാഹുൽ ഗാന്ധി പറഞ്ഞു.

Full View

വാർത്താ സമ്മേളനത്തിൽ രാജ്യത്തെ ജാതി വ്യവസ്ഥ ചൂണ്ടിക്കാട്ടാനും രാഹുൽ മറന്നില്ല. ഒബിസി, ദളിത് വിഭാഗങ്ങളിൽപ്പെട്ട മാധ്യമപ്രവർത്തകരുണ്ടെങ്കിൽ കൈപൊക്കൂ എന്ന ചോദ്യത്തിന് ഹാൾ ഒരു നിമിഷം നിശബ്ദമായി. ആരും കൈപൊക്കാനുണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയ രാഹുൽ ഇത് തന്നെയാണ് രാജ്യത്തിന്റെ അവസ്ഥയെന്നും ബഹുഭൂരിപക്ഷമാണെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ബോഡിയിൽ ഒബിസി വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും വ്യക്തമാക്കി.

Full View

ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് എന്ന് കൂട്ടിച്ചേർത്ത രാഹുൽ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പങ്കുവയ്ക്കാനും രാഹുൽ മറന്നില്ല.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News