ബംഗാൾ സ്‌കൂൾ നിയമന തട്ടിപ്പ്: തൃണമൂൽ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ വിശ്വസ്തൻ അറസ്റ്റിൽ
പ്രൈമറി സ്കൂൾ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
കൊൽക്കത്ത: സ്‌കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ വിശ്വസ്തനുമായ സന്തു ഗാംഗുലി അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സന്തു അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പണം കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഗാംഗുലിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ സിബിഐ കണ്ടെടുത്തിരുന്നു.
പാർഥ ചാറ്റർജിയുടെ അടുത്തയാളാണ് ഗാംഗുലി. ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂർണമായും നിസ്സഹകരിക്കുകയായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഗാംഗുലിയെ കസ്റ്റഡിയിലെടുത്തതെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇഡിയും നേരത്തെ സന്തു ഗാംഗുലിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.