യുപിയിലെ ജലാലാബാദിൽ കാളയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

വിരണ്ടോടിയ കാളയെ മൂന്ന് മണിക്കൂറിന് ശേഷമാണ് പിടിച്ചുകെട്ടാനായത്.

Update: 2024-11-26 06:36 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജലാലാബാദിൽ തെരുവിൽ അലഞ്ഞുനടക്കുന്ന കാളയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. ജലാലാബാദ് ടൗണിൽ കാള ഒരാളെ പിന്നിൽനിന്ന് കുത്തി വീഴ്ത്തുന്നതിന്റെയും കൊമ്പിൽ കോർത്ത് എറിയുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിന്നിൽനിന്ന് കുത്തേറ്റു വീണ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കാള വീണ്ടും കുത്തുകയായിരുന്നു. കുത്തേറ്റയാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ടൗണിലൂടെ വിരണ്ടോടിയ കാള പിന്നെയും നിരവധിപേരെ കുത്തി വീഴ്ത്തി. പിന്നാലെ ജലാലാബാദ് മുനിസിപ്പൽ കൗൺസിൽ അധികൃതർ കാളയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുനിസിപ്പൽ വാഹനങ്ങൾ കുത്തിവീഴ്ത്തി കാള രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിക്കൂർ നേരം ഭീതി പരത്തിയ കാളയെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടിച്ചുകെട്ടിയത്.

സമാനമായ സംഭവത്തിൽ ഈ മാസം ആദ്യത്തിൽ സൂപ്പർടെക് ഓക്‌സ്‌ഫോർ സ്‌ക്വയറിൽ ബൈക്ക് യാത്രികന് കാളയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ബൈക്കിൽ വേഗത കുറച്ച് വരികയായിരുന്ന ആളെ പെട്ടെന്ന് മുന്നിൽ വന്ന കാള കുത്തിവീഴ്ത്തുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News