'മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യ'; ഫലസ്തീനികൾക്ക് കൈത്താങ്ങുമായി സിഖ് കർഷക സംഘം, അഞ്ച് ലക്ഷം കൈമാറി

'ഹിറ്റ്‌ലറിനു കീഴിൽ ജൂതർക്കെതിരെ നടന്ന വംശഹത്യയ്‍ക്കു സമാനമായ അതിക്രമമാണ് സയണിസ്റ്റുകൾ ഇപ്പോൾ ഫലസ്തീൻ രാഷ്ട്രത്തിനുനേരെ നടത്തുന്നത്'

Update: 2024-11-26 05:31 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: ഫലസ്തീനികൾക്ക് സഹായഹസ്തവുമായി സിഖ് കർഷക സംഘം. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണത്തിനും ഫലസ്തീനികളുടെ അതിജീവനത്തിനും വേണ്ടിയാണ് പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കീർത്തി കിസാൻ യൂനിയൻ(കെകെയു) അഞ്ചു ലക്ഷം രൂപ നൽകിയത്. ന്യൂഡൽഹിയിലെ ഫലസ്തീൻ എംബസിയിലെത്തിയാണ് കെകെയു നേതാക്കൾ തുക കൈമാറിയത്.

ആൾ ഇന്ത്യ കിസാൻ മസ്ദൂർ സഭയിൽ(എഐകെഎംഎസ്) അംഗമാണ് കീർത്തി കിസാൻ യൂനിയൻ. ഇസ്രായേൽ ആക്രമണത്തിനിടെ ഫലസ്തീന് സഹായധനം പ്രഖ്യാപിക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കർഷക സംഘമായിരിക്കുകയാണ് കെകെയു. ആക്രമണത്തിൽ തകർന്ന ജനതയെ സഹായിക്കാനായി യുഎൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്(യുഎൻആർഡബ്ല്യുഎ) ഗസ്സ അടിയന്തര ധനസമാഹരണം ആരംഭിച്ചിരുന്നു. ഫലസ്തീനികൾക്കു കൈത്താങ്ങാകണമെന്ന യുഎൻ ഏജൻസിയുടെ ആഹ്വാനം ഏറ്റെടുത്താണ് കെകെയു ധനസഹായം നൽകാൻ തീരുമാനിച്ചത്.

കെകെയു പ്രസിഡന്റ് നിർഭയ് സിങ് ധുഡികെ, ജനറൽ സെക്രട്ടറി രജീന്ദർ സിങ് ദീപ് സിങ് വാലാ, പ്രസ് സെക്രട്ടറി രമീന്ദർ സിങ് പട്യാല, വൈസ് പ്രസിഡന്റ് ജതീന്ദർ സിങ് ഛിന്ന, ട്രഷറർ ജസ്‌വീന്ദർ സിങ് ജാബേൽവാലി എന്നിവരാണ് ഫലസ്തീൻ എംബസിയിലെത്തിയത്. ഫലസ്തീൻ സ്ഥാനപതി അബ്ദുൽ റാസിഖ് അബൂ ജാസിർ ധനസഹായം ഏറ്റുവാങ്ങി. ഫലസ്തീൻ പതാകയും കഫിയ്യയും പുതച്ചാണ് കർഷകനേതാക്കളെ എംബസി വൃത്തങ്ങൾ സ്വീകരിച്ചത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സ്ഥാനപതി ഫലസ്തീനിലെ സ്ഥിതിഗതികൾ സംഘത്തിനു വിവരിച്ചുകൊടുത്തു.

കഴിഞ്ഞ ആറു മാസത്തോളമായി ഫലസ്തീനികൾക്ക് എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലായിരുന്നു സംഘടനയെന്ന് കെകെയു ജനറൽ സെക്രട്ടറി രജീന്ദർ സിങ് ദീപ് സിങ് വാല 'ദി വയറി'നോട് പറഞ്ഞു. അങ്ങനെയാണു ധനസഹായം നൽകാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ ഭക്ഷ്യത്തളികയാണ് പഞ്ചാബെന്നും ഫലസ്തീനികൾക്കായി അരിയും ഗോതമ്പും ചോളവുമെല്ലാം സംഭാവന ചെയ്യാൻ കർഷകർക്ക് സന്തോഷമേയുള്ളൂവെന്നും സ്ഥാനപതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1947ലെ ഇന്ത്യ-പാക് വിഭജന കാലത്ത് സിഖുകാരും വംശഹത്യയുടെ യാതന അനുഭവിച്ചിട്ടുണ്ടെന്നും രജീന്ദർ സിങ് സൂചിപ്പിച്ചു. സിഖ് ഗുരുമാരുടെയും അവരുടെ മക്കളുടെയും രക്തസാക്ഷ്യവും ത്യാഗവും കൊണ്ട് നിറഞ്ഞതാണ് സിഖ് ചരിത്രം. ഫലസ്തീൻ കൂട്ടക്കൊലയിലേക്ക് നയിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭീകരത നമ്മൾ ഒരു വർഷമായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ സിഖുകാർ ഫലസ്തീനികൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്നെ ആരു കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് ഭരണത്തിനു കീഴിൽ ജൂതർക്കെതിരെ നടന്ന വംശഹത്യയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറക്കരുതെന്ന് കെകെയു വാർത്താ കുറിപ്പിൽ പറഞ്ഞു. 'സമാനമായ അതിക്രമമാണ് ഫലസ്തീൻ രാഷ്ട്രത്തിനു നേരെ സയണിസ്റ്റുകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നതു ഭീകരമാണ്. ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യവാഴ്ചയെ ലോകത്തെങ്ങുമുള്ള സമാധാനകാംക്ഷികൾ അപലപിച്ചിട്ടുണ്ട്. ഹിറ്റ്‌ലറുടെ പാത പിന്തുടർന്നുകൊണ്ട് ഇസ്രായേൽ സർക്കാർ നടത്തുന്ന അതിക്രമങ്ങളെ തടയാൻ സമാധാനം ആഗ്രഹിക്കുന്ന മനുഷ്യർക്കേ ആകൂ'-വാർത്താകുറിപ്പിൽ സൂചിപ്പിച്ചു.

മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും കെകെയു വിമർശിച്ചു. ഇതിന് അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികളുടെ പിന്തുണയുമുണ്ട്. കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരണത്തിനു കീഴടങ്ങിയവരുടെ കണക്ക് ഇനിയും വ്യക്തമായിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും വേദന നിറഞ്ഞ മുഖങ്ങൾ അവിടെ നടക്കുന്ന ഹൃദയഭേദകമായ അതിക്രമങ്ങൾ വിവരിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന് ഉൾപ്പെടെ അടിസ്ഥാന അവശ്യവസ്തുക്കളൊന്നും അവിടെയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് യുഎൻ മാനുഷിക സഹായം അയക്കാൻ ആഹ്വാനം ചെയ്തത്. നീതി ആഗ്രഹിക്കുന്ന മനുഷ്യർ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതും അടിയന്തര വെടിനിർത്തലിനായി ആവശ്യമുയർത്തുന്നതും ഇതുകൊണ്ടാണെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.

Summary: 'Plight of Gazans akin to the trauma of Sikhs during partition': Punjab's Sikh farmer org Kirti Kisan Union (KKU) donates funds for Palestinians

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News