പ്രഭാത നടത്തത്തിനിടെ കാറിടിച്ചു: ടെക് കമ്പനി സി.ഇ.ഒയ്ക്ക് ദാരുണാന്ത്യം
കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
മുംബൈ: പ്രഭാത സവാരിക്കിടെ കാറിടിച്ച് ടെക് കമ്പനി സി.ഇ.ഒ മരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വോർളിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ ആറരയോടെ വോർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. നടക്കുന്നതിനിടെ രാജലക്ഷ്മിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജലക്ഷ്മിക്കൊപ്പം ഭർത്താവും പ്രഭാത സവാരി നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം വേഗത്തില്‍ നടന്ന് ശിവാജി പാർക്കിൽ എത്തിയിരുന്നു. അപ്പോഴാണ് അപകട വിവരം പൊലീസ് വിളിച്ചറിയിച്ചത്. ഉടന്‍ അദ്ദേഹം സ്ഥലത്തെത്തി. ദാദർ മാടുംഗ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നത്.
കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിനു പിന്നാലെ, കാർ ഓടിച്ചിരുന്ന സുമർ മർച്ചന്‍റിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 23കാരനായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. അപകടത്തിൽ ഇയാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന രാജലക്ഷ്മി ജോഗേഴ്‌സ് ഫോറത്തിന്റെ ഭാഗമായിരുന്നു. ടാറ്റ മുംബൈ മാരത്തണില്‍ ഈ വര്‍ഷം പങ്കെടുത്തിരുന്നു. രാജലക്ഷ്മി ലണ്ടൻ മാരത്തണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Summary- CEO of a tech firm died on Sunday after being knocked down by a car at Worli sea-face promenade in south Mumbai during her morning walk