ഛണ്ഡീഗഡിൽ തങ്ങളുടെ കൗൺസിലർമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന് എഎപി
എഎപി കൗൺസിലർമാരുടെ വീട് സന്ദർശിച്ച മുതിർന്ന ബിജെപി നേതാക്കളിൽ ഒരാൾക്ക് 50 ലക്ഷം രൂപയും മറ്റൊരാൾക്ക് 75 ലക്ഷം രൂപയും വാഗ്ദാനം ചെയ്‌തെന്ന് രാഘവ് ചന്ദ പറഞ്ഞു.
ഛണ്ഡീഗഡിൽ തങ്ങളുടെ കൗൺസിലർമാരെ ബിജെപി പണം വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ശ്രമിക്കുന്നുവെന്ന് എഎപി. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന ഛണ്ഡീഗഡ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല. 35 അംഗ കോർപറേഷനിൽ എഎപിക്ക് 14 സീറ്റും ബിജെപിക്ക് 12 സീറ്റുമാണുള്ളത്. കോൺഗ്രസ് എട്ട് സീറ്റുകളും ശിരോമണി അകാലിദൾ ഒരു സീറ്റുമാണ് നേടിയത്.
ഭരണം നേടാൻ വേണ്ടി ബിജെപി തങ്ങളുടെ രണ്ട് കൗൺസിലർമാർക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് എഎപി നേതാവ് രാഘവ് ചന്ദ ആരോപിച്ചു. എഎപി കൗൺസിലർമാരുടെ വീട് സന്ദർശിച്ച മുതിർന്ന ബിജെപി നേതാക്കളിൽ ഒരാൾക്ക് 50 ലക്ഷം രൂപയും മറ്റൊരാൾക്ക് 75 ലക്ഷം രൂപയും വാഗ്ദാനം ചെയ്‌തെന്ന് രാഘവ് ചന്ദ പറഞ്ഞു. അതേസമയം കൗൺസിലർമാരുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
കുതിരക്കച്ചവടം തടയാൻ കൗൺസിലർമാരുടെ വസതിയിൽ ക്യാമറ സ്ഥാപിക്കുമെന്നും തങ്ങളുമായി ചർച്ചക്കെത്തുന്ന ബിജെപി നേതാക്കളുമായുള്ള സംഭാഷണം റെക്കോഡ് ചെയ്യാൻ കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ചന്ദ പറഞ്ഞു. ഇനി ഏതെങ്കിലും ബിജെപി നേതാക്കൾ വന്നാൽ അവരുടെ കോൾ റെക്കോർഡിങ്ങുകളും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.